അതിക്രൂരം; വെഞ്ഞാറമൂടില്‍ വയോധികയെ ക്രൂരമായി ആക്രമിച്ച് പെരുവഴിയില്‍ ഉപേക്ഷിച്ചു

തിരുവനന്തപുരം വെഞ്ഞാറമൂട് വയോധികയെ ക്രൂരമായി ആക്രമിച്ച് പെരുവഴിയില്‍ ഉപേക്ഷിച്ചു. വയോധികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയോധികയെ ഉപേക്ഷിച്ചത് ആരെന്ന് കണ്ടെത്താന്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. ആറ്റിങ്ങല്‍ – വെഞ്ഞാറമ്മൂട് റോഡില്‍ വലിയ കട്ടയ്ക്കാലിലവാണ് സംഭവം നടന്നത്. പത്തേക്കര്‍ സ്വദേശിക്കാണ് ആക്രമണമേറ്റത്. പരുക്കേറ്റ് അവശയായ വയോധികയെ വലിയ കുന്നുമ്മല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയോധിക വഴിയില്‍ കിടക്കുന്നതുകണ്ട നാട്ടുകാര്‍ ഇടപെട്ടാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.സംഭവത്തില്‍ ദുരൂഹത സംശയിക്കുകയാണ് പൊലീസ്. വയോധികയെ കണ്ട സ്ഥലത്തിന് അടുത്തുള്ള ഒഴിഞ്ഞ വീട്ടിലും രക്തക്കറ കണ്ടതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. അബോധാവസ്ഥയിലായ വയോധികയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയാണെന്നും വിവരമുണ്ട്. സംഭവത്തില്‍ സിസിറ്റിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് വിശദമായ പരിശോധനകള്‍ നടത്തിവരികയാണ്.