വെഞ്ഞാറമൂട്: പെട്രോൾ തീർന്ന് കാർ വഴിയിലായതിനെ തുടർന്ന് കാറിൽ ഇരിക്കുകയായിരുന്ന യുവതിയെയും മക്കളെയും ആക്രമിച്ച യുവാവ് അറസ്റ്റിൽ. പിരപ്പന്‍കോട് അജി വിലാസത്തില്‍ അജി(45) ആണ് വെഞ്ഞാറമൂട് പോലീസിന്റെ അറസ്റ്റിലായത്.കഴിഞ്ഞ ദിവസം പിരപ്പൻകോട് ആണ് സംഭവം. യുവതി ഓടിച്ചിരുന്ന കാര്‍ പിരപ്പൻകോട് ജംക്‌ഷനിൽ എത്തിയപ്പോള്‍ എന്‍ജിന്‍ ഓഫായി നിന്നു. ഈ സമയം റോഡിന്റെ വശത്ത് നിൽക്കുകയായിരുന്ന ഇയാൾ കാറിന്റെ അടുത്ത് എത്തി വാഹനത്തിൽ അടിച്ച് ബഹളം വക്കുകയും അസഭ്യം വിളിക്കുകയുംചെയ്തു. ഇത് ചോദ്യം ചെയ്തപ്പോൾ യുവതിയെയും കാറിലുണ്ടായിരുന്ന രണ്ടു മക്കളെയും മര്‍ദിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
