ഫോണ്‍ കവറിനുള്ളില്‍ പൈസ വെക്കുന്നവരാണോ? അപകടം തൊട്ടരികേയുണ്ട്

ഫോണ്‍ കവര്‍ താല്‍ക്കാലിക പേഴ്‌സായി ഉപയോഗിക്കുന്ന പല ആളുകളുമുണ്ട്. ഫോണ്‍മാത്രം എളുപ്പത്തില്‍ കൈയ്യില്‍ പിടിച്ചുകൊണ്ട് പോകാന്‍ താല്‍പര്യമുളള ആളുകളായിരിക്കാം കൂടുതലും ഇക്കാര്യം ചെയ്യുന്നത്. ഇത്തരക്കാര്‍ കറന്‍സി നോട്ടുകളും എടിഎം കാര്‍ഡുകളും പേപ്പറുകളും ഒക്കെ മൊബൈല്‍ കവറിനുള്ളില്‍ സൂക്ഷിച്ചുവയ്ക്കുന്നു. സംഗതി എളുപ്പമായി തോന്നുമെങ്കിലും ഇതൊരു അപകടംപിടിച്ച കാര്യമാണ്. എങ്ങനെയാണ് അപകടമാകുന്നതെന്നല്ലേ? അത് നമുക്ക് നോക്കാം.

താപനില കൂടുന്നു

ഫോണ്‍ ഓണായി ഇരിക്കുമ്പോള്‍ സ്വാഭാവികമായും ചൂട് പുറത്തുവിടുന്നുണ്ട്. ഫോണ്‍ കവറുകള്‍ ഫോണിന് ചുറ്റുമുളള താപനില വീണ്ടും വര്‍ധിക്കാന്‍ കാരണമാകും. കറന്‍സി നോട്ടുകളും മറ്റും കവറിനുളളില്‍ സൂക്ഷിക്കുമ്പോള്‍ അപകട സാധ്യത വീണ്ടും കൂടുന്നു. കാരണം കവറിനുള്ളിലെ നോട്ട് ഈ ചൂട് പുറത്ത് പോകാതെ തടഞ്ഞുവയ്ക്കുന്നു. ഇത് ഫോണ്‍ വീണ്ടും ചൂടാകാനിടയാക്കും.

തീപിടുത്ത സാധ്യത

ഫോണുകള്‍ക്ക് തീപിടിക്കുന്ന പല സാഹചര്യങ്ങളെക്കുറിച്ചും നമ്മള്‍ കേട്ടിട്ടില്ലേ. അതിനുള്ള ഒരു കാരണം എന്താണെന്ന് അറിയാമോ?. ചില ഫോണ്‍ കവറുകള്‍ പ്രത്യേകിച്ച് മോശം നിലവാരമുള്ളവ ഫോണ്‍ അമിതമായി ചൂടാകുന്നതിന് ഇടയാക്കാറുണ്ട്. ഫോണിലെ കവര്‍ ഇറുകിയ രീതിയില്‍ ഘടിപ്പിച്ചിരിക്കുന്നതാണ് ഇതിന് കാരണം. ഇത്തരമൊരു സാധ്യതയുളളപ്പോള്‍ ഫോണ്‍ കവറില്‍ മറ്റ് സാധനങ്ങള്‍ വയ്ക്കുകയാണെങ്കില്‍ അപകട സാധ്യത വർധിക്കും?. അപൂര്‍വ്വമാണെങ്കിലും ഫോണ്‍ അമിതമായി ചൂടാകുന്നത് കവറിനുള്ളില്‍ വച്ചിരിക്കുന്ന പൈസ പോലും കത്താന്‍ ഇടയാക്കുന്നു.

ബാറ്ററിയുടെ ആയുസ് കുറയ്ക്കുന്നു

അമിതമായ ചൂട് ഫോണിന്റെ ബാറ്ററിയുടെ ആയുസ് കുറയ്ക്കുന്നു. ദീര്‍ഘനേരം ചൂട് തങ്ങി നില്‍ക്കുന്നത് ബാറ്ററി വീര്‍ക്കാനും ചാര്‍ജ്ജ് പെട്ടെന്ന് തീരാനും കാരണമാകും

ഇന്റര്‍നെറ്റ് വേഗം പതുക്കെയാക്കും

നോട്ട് ഫോണിനുളളില്‍ വയ്ക്കുന്നത് ഫോണിന്റെ ആന്റിന ലൈനുകളെ ബാധിക്കുന്നു. ഇത് ഫോണിന്റെ റേഞ്ചിനെ ബാധിക്കാനും ഇന്റര്‍നെറ്റിന്റെ വേഗത കുറയാനും കാരണമാകുന്നു. മാത്രമല്ല പല ഫോണുകളിലെയും സെന്‍സറുകള്‍ നോട്ടുകള്‍ വയ്ക്കുമ്പോള്‍ മറഞ്ഞുപോകാന്‍ സാധ്യതയുണ്ട്. ഇത് ഫോണിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും

രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത

പല ആളുകളുടെ കൈമറിഞ്ഞ് വരുന്നതുകൊണ്ടുതന്നെ നോട്ടുകളില്‍ ധാരാളം ബാക്ടീരിയകളും അണുക്കളും പറ്റിപ്പിടിച്ചിരിപ്പുണ്ടാവും. ഫോണ്‍ എപ്പോളും കൈയില്‍ പിടിച്ചിരിക്കുന്നതുകൊണ്ടും ചെവിയില്‍ വച്ച് സംസാരിക്കുന്നതുകൊണ്ടും ചര്‍മ്മരോഗങ്ങള്‍ക്കോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കോ കാരണമായേക്കാം.