ഇന്‍ഡിഗോ വിമാന സര്‍വീസ് പ്രതിസന്ധി; പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ


ദില്ലി: ഇന്‍ഡിഗോ വിമാന സര്‍വീസ് പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനു പിന്നാലെ ഇന്നും നാളെയും സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ. പ്രധാന ദീര്‍ഘദൂര റൂട്ടുകളിലാണ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുക.

ഡിസംബര്‍ അഞ്ച് മുതല്‍ 13 വരെ ആയിരിക്കും പ്രത്യേക ട്രെയിനുകള്‍ ഒരുക്കുക. 30 സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഒരുക്കാനാണ് ആലോചന. 37 ട്രെയിനുകളിലായി 116 അധിക കോച്ചുകളും വിന്യസിച്ചിട്ടുണ്ട്. വിഷയത്തില്‍ വ്യോമയാന മന്ത്രാലയത്തിന്റെ അന്വേഷണം ഉന്നമിടുന്നത് ഇന്‍ഡിഗോ കമ്പനിയുടെ കൃത്യവിലോപത്തിലേക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും രാവിലെ ഒമ്പത് മണിക്ക് പുറപ്പെടേണ്ട കൊച്ചി ബെംഗളൂരു ഇന്‍ഡിഗോ റദ്ദാക്കിയിട്ടുണ്ട്. 9.30 ന് പുറപ്പെടേണ്ട കൊച്ചി ഹൈദരാബാദ് ഇന്‍ഡിഗോയും റദ്ദാക്കി. കൂടാതെ കൊച്ചി ജമ്മു ഇന്‍ഡിഗോ വിമാനം റദ്ദാക്കി. രാവിലെ10.30നുള്ള കൊച്ചി മുംബൈ ഇന്‍ഡിഗോ വൈകും
അതുപോലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട അഞ്ച് ഇന്‍ഡിഗോ വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. ആകെ ഒമ്പത് ആഭ്യന്തര സര്‍വീസുകള്‍ തടസ്സപ്പെട്ടു. രാത്രി പുറപ്പെടേണ്ട ഷാര്‍ജ വിമാനവും വൈകിമാത്രമേ സര്‍വീസ് നടത്തൂ.പ്രതിസന്ധിയിലായ യാത്രക്കാര്‍ കടുത്ത പ്രതിഷേധത്തിലാണ്. കണക്ഷന്‍ ഫ്‌ലൈറ്റുകള്‍ നഷ്ടമാകുമോ എന്ന ആശങ്കയിലാണ് യാത്രക്കാര്‍.