മഹാതീർത്ഥാടനത്തിന്റെ ഭാഗമായി ലോകം ശിവഗിരിയിലേക്ക് എന്ന പ്രതീതിയിൽ സംസ്ഥാനത്തെ വീഥികളെല്ലാം പീതവർണ്ണമായി. തീർത്ഥാടനത്തെ വരവേറ്റുകൊണ്ട് നാടാകെ കൊടി തോരണങ്ങളും ഗുരുദേവ ചിത്രവും ശിവഗിരി തീർത്ഥാടനാനുമതി വേളയിലെചിത്രങ്ങളും സ്വാഗത കമാനങ്ങളും ഉയർന്നു. തീർത്ഥാടകർക്ക് യാത്രാ മദ്ധ്യേ ഫലമൂലാദികളും ഭക്ഷണ വിതരണവും തുടർന്നു പോരുന്നു. ജാതിമതഭേദമന്യേ താമസ സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. മതസൗഹാർദ്ദം വിളിച്ചറിയിച്ച് എല്ലാ വിഭാഗം ജനതയും തങ്ങളുടെ സ്ഥാപനങ്ങൾ തീർത്ഥാടകര്‍ക്കായി തുറന്നു നൽകുന്നു. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും രാത്രി ഭക്ഷണവും എവിടെയും ക്രമീകരിച്ചു വരുന്നു. റോഡുകളെല്ലാം ശിവഗിരിയിലേക്ക് എന്നവണ്ണമായി. പദയാത്രകൾക്ക് പുറമെ അനവധി വാഹനങ്ങളിലും ഗുരുദേവ ഭക്തർ ശിവഗിരിയിൽ വന്നുപോകുന്നുണ്ട്. മഹാസമാധിസന്നിധിയിലും വൈദിക മഠത്തിലും ശാരദാദേവി സന്നിധിയിലും പ്രാർത്ഥനക്കും നേർച്ച കാഴ്ച വഴിപാടുകളുമായി ആയിരങ്ങൾ ബന്ധുക്കൾക്കൊപ്പമാണ് എത്തിച്ചേരുന്നത്. എത്തിച്ചേരുന്നവർക്കെല്ലാം അവരുടെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള കുറ്റമറ്റ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. വഴിപാട് കൗണ്ടർ, പുസ്തകശാല, പാർക്കിംഗ് സ്ഥലങ്ങളിൽ തിരക്ക് അനുഭവപ്പെടാതെ യുള്ള സംവിധാനങ്ങൾ ഉണ്ട്. വിദേശരാജ്യങ്ങളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നുമൊക്കെ മുൻവർഷങ്ങളെ അപേക്ഷിച്ച് വന്നുചേരുന്നവരുടെ സംഖ്യ നിത്യേന വർദ്ധിക്കുകയാണ്. തീർത്ഥാടന വിജയത്തിനായി സർക്കാരിൻറെ എല്ലാ വിഭാഗങ്ങളും തങ്ങളുടേതായ ക്രമീകരണങ്ങളുമായി മുൻനിരയിലുണ്ട്. നിരവധി തവണ ഉദ്യോഗസ്ഥ തല ചർച്ചകൾ നടന്നു കഴിഞ്ഞു. ഇന്നും പോലീസ് ഡിപ്പാർട്ട്മെൻറ് വിലയിരുത്തൽ യോഗം ഉണ്ട്.
ഇക്കൊല്ലം 50 ലക്ഷത്തോളം തീർത്ഥാടകരാണ് ശിവഗിരിയിൽ എത്തുകയെന്ന് വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള അറിയിപ്പുകൾ ഉള്ളതായി ശിവഗിരി മഠം പ്രസിഡണ്ട് സച്ചിദാനന്ദ സ്വാമി, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ , ട്രഷററും തീർത്ഥാടന കമ്മറ്റി സെക്രട്ടറിയുമായ സ്വാമി ശാരദാനന്ദ, ജോയിൻ്റ് സെക്രട്ടറിമാരായ സ്വാമി അസംഗാനന്ദഗിരി, സ്വാമി വിജാനന്ദ ഗിരി , സ്വാമി വീരേശ്വരാനന്ദ,സംഘാടക കമ്മിറ്റി ചെയർമാൻ ഡോ. എ.വി.അനൂപ് എന്നിവർ അറിയിച്ചു.
