എല്‍പി ക്ലാസ്മുറികളില്‍ പുതിയ പരിഷ്‌കാരണം; ‘ ബാക്ക്‌ബെഞ്ചുകാര്‍ ‘ ഇനി ഓര്‍മ്മ

തിരുവനന്തപുരം: സ്‌കൂള്‍ ക്ലാസ്മുറികളിലെ ഇരിപ്പിട ക്രമീകരണത്തില്‍ ഘട്ടംഘട്ടമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനം. അടുത്ത അധ്യയനവര്‍ഷം മുതല്‍ എല്‍പി (ലോവര്‍ പ്രൈമറി) ക്ലാസ്മുറികളില്‍ പിന്‍ബെഞ്ചുകളില്ലാത്ത ഇരിപ്പിട ക്രമീകരണം നടപ്പാക്കാനാണ് ആലോചന. ഇതിനായി പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കുമെന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ട് അറിയിച്ചു.

കുട്ടികളുടെ ബാഗ് ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി പാഠപുസ്തകങ്ങള്‍ ക്ലാസ്മുറിയില്‍ തന്നെ സൂക്ഷിക്കുന്ന സംവിധാനം ഏര്‍പ്പെടുത്താനും നിര്‍ദേശമുണ്ട്. ഇതിന് ആവശ്യമായ ഘടനാപരമായ നിര്‍ദേശങ്ങളുമായി ‘എസ്സിഇആര്‍ടി(SERT)’യുടെ നേതൃത്വത്തില്‍ റിപ്പോര്‍ട്ടുകള്‍ തയ്യാറാകുകയാണ്. ജനുവരി എട്ടിന് ചേരുന്ന കരിക്കുലം കമ്മിറ്റിയില്‍ റിപ്പോര്‍ട്ടുകള്‍ പരിഗണിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി അറിയിച്ചു.

എല്‍പി ക്ലാസുകളില്‍ നിലവില്‍ 30:1 എന്നതാണ് വിദ്യാര്‍ത്ഥി-അധ്യാപക അനുപാതം. 30ല്‍ കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍ രണ്ടുഡിവിഷന്‍ അനുവദിക്കുന്നതിനാല്‍, പിന്‍ബെഞ്ചില്ലാത്ത ക്ലാസ്മുറി സംവിധാനം പ്രായോഗികമാണെന്ന് വിലയിരുത്തല്‍. അധ്യാപകര്‍ അവധിയിലാണെങ്കില്‍ കുട്ടികളെ മുന്‍കൂട്ടി അറിയിക്കണമെന്ന വ്യവസ്ഥയും പരിഗണനയിലാണ്. അത്തരത്തില്‍ അവരുടെ വിഷയവുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ കുട്ടികള്‍ സ്‌കൂളിലേക്ക് കൊണ്ടുവരേണ്ടതില്ല.

ഇതിന് പുറമെ, അധ്യയനവര്‍ഷാരംഭ സമയത്ത് ഉണ്ടാകുന്ന പെരുമഴ കണക്കിലെടുത്ത് മധ്യവേനലവധി മാറ്റുന്നതിനെക്കുറിച്ചും ആലോചന നടക്കുന്നു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാകാനുണ്ടെന്ന് മന്ത്രി അറിയിച്ചു. വിദ്യാര്‍ത്ഥി സൗഹൃദ പഠനാന്തരീക്ഷം ലക്ഷ്യമിട്ട് ക്ലാസ്മുറി ഘടന, പഠനരീതി, സമയക്രമം എന്നിവയില്‍ സമഗ്രപരിഷ്‌കാരങ്ങളാണ് സര്‍ക്കാര്‍ പരിഗണിക്കുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി.