കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഇടിഞ്ഞു

കൊച്ചി: കേരളത്തില്‍ വീണ്ടും സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 50 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് (916) സ്വര്‍ണത്തിന്റെ വില 11,930 രൂപയായി. പവന്റെ വിലയില്‍ 400 രൂപയുടെ കുറവുണ്ടായി. നിലവില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 95,440 രൂപയാണ് വില. കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണവിലയില്‍ മാറ്റങ്ങള്‍ തുടരുകയാണ്. ഇന്ന് രാവിലെ ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ചിരുന്നു.

ഇതോടെ ഈ മാസത്തെ ഉയര്‍ന്ന നിരക്കായ ഗ്രാമിന് 11,980 രൂപയിലും പവന് 95,840 രൂപയിലും സ്വര്‍ണവില എത്തിയിരുന്നു. എന്നാല്‍ പിന്നീട് വില ഇടിയുകയായിരുന്നു അതേസമയം, ആഗോളവിപണിയിലും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ട്രോയ് ഔണ്‍സിന് ഒമ്പത് ഡോളറിന്റെ കുറവാണ് ഉണ്ടായത്.

4,205 ഡോളറില്‍ വ്യാപാരം ആരംഭിച്ച സ്വര്‍ണം പിന്നീട് 4,198 ഡോളറിലേക്ക് താഴ്ന്നു. ഇതേസമയം, വരും ദിവസങ്ങളില്‍ സ്വര്‍ണവില ഉയരുമെന്ന പ്രതീക്ഷയാണ് വിപണിയില്‍ നിലനില്‍ക്കുന്നത്. ഈ മാസം ഫെഡറല്‍ റിസര്‍വ് വായ്പ പലിശനിരക്കുകള്‍ കുറയ്ക്കുമെന്നാണ് സൂചന. ഇതിന്റെ പശ്ചാത്തലത്തില്‍ ഡോളര്‍ ഇന്‍ഡക്‌സില്‍ ഇടിവ് അനുഭവപ്പെടുന്നുണ്ട്. ഇതിന് അനുപാതികമായി സ്വര്‍ണവിലയില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകുമെന്നും വില വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്നും വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.