ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ അടുത്ത പരിശീലകനായി ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി

മുംബൈ: ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ അടുത്ത പരിശീലകനായി ഇന്ത്യന്‍ മുന്‍ പരിശീലകന്‍ രവി ശാസ്ത്രിയെ നിയമിക്കണമെന്ന് മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ മോണ്ടി പനേസര്‍ അഭിപ്രായപ്പെട്ടു. ബ്രെണ്ടന്‍ മക്കല്ലത്തിന്റെ പിന്‍ഗാമിയാകാന്‍ ഏറ്റവും യോഗ്യനായ വ്യക്തിയാണ് രവി ശാസ്ത്രിയെന്നും പനേസര്‍ വ്യക്തമാക്കി.

ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ എങ്ങനെ തോല്‍പ്പിക്കണമെന്ന് നന്നായി അറിയാവുന്ന ആളാണ് രവി ശാസ്ത്രി. മാനസികമായും തന്ത്രപരമായും ഓസ്‌ട്രേലിയയുടെ ബലഹീനതകളെക്കുറിച്ച് ശാസ്ത്രിക്ക് വ്യക്തമായ ധാരണയുണ്ടെന്നും പനേസര്‍ പറഞ്ഞു. 2022ലാണ് ബ്രെണ്ടന്‍ മക്കല്ലം ഇംഗ്ലണ്ട് ടീമിന്റെ പരിശീലകനായി ചുമതലയേറ്റത്.

തകര്‍ത്ത് കളിക്കുന്ന ‘ബാസ്‌ബോള്‍’ ശൈലി അവതരിപ്പിച്ചെങ്കിലും, ഇംഗ്ലണ്ടിനെ ഒരു തവണപോലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ എത്തിക്കാന്‍ അദ്ദേഹത്തിനായില്ല. നാട്ടിലും ഓസ്‌ട്രേലിയയിലുമായി നടന്ന ആഷസ് പരമ്പരകളിലും കിരീടം സ്വന്തമാക്കാന്‍ ഇംഗ്ലണ്ട് പരാജയപ്പെട്ടു.

2022ലെ ആഷസ് പരമ്പരയില്‍ 40ന് തോറ്റതിന് പിന്നാലെ മക്കല്ലത്തിന്റെ കീഴില്‍ ആദ്യം കളിച്ച 11 ടെസ്റ്റുകളില്‍ 10ലും ബാസ്‌ബോള്‍ ശൈലി വിജയകരമായി നടപ്പാക്കി ഇംഗ്ലണ്ട് ജയിച്ചിരുന്നു.

എന്നാല്‍ പിന്നീട് ഇന്ത്യയ്ക്കും ഓസ്‌ട്രേലിയയ്ക്കുമെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരകള്‍ സ്വന്തമാക്കുന്നതില്‍ ഇംഗ്ലണ്ട് പരാജയപ്പെട്ടു. അവസാനമായി കളിച്ച 33 ടെസ്റ്റുകളില്‍ 16 മത്സരങ്ങളിലും ഇംഗ്ലണ്ട് തോല്‍വി വഴങ്ങി.

ആഷസ് പരമ്പരയ്ക്കുശേഷം മക്കല്ലത്തിന് സ്ഥാനം നഷ്ടമാവാനുള്ള സാധ്യതയുണ്ടെന്നും അങ്ങനെ സംഭവിച്ചാല്‍ രവി ശാസ്ത്രിയെ ഇംഗ്ലണ്ട് പരിശീലകനാക്കണമെന്നും മോണ്ടി പനേസര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി