പർവ്വതങ്ങളിൽ നിന്ന് മഴവെള്ളം കുത്തിയൊലിച്ച് റോഡുകളിലെത്തിയതോടെ റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിൽ ഗതാഗതം താറുമാറായി. ഒട്ടേറെ വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങി. ഫുജൈറയിൽ മസാഫി, ആസ്മ, മുർബാദ് എന്നിവിടങ്ങളിൽ മിതമായതോ അതിശക്തമായതോ ആയ മഴ രേഖപ്പെടുത്തി. ദുബൈയിൽ അൽ ലിസൈലി പ്രദേശത്ത് ശക്തമായ മഴ പെയ്തു. റാസൽഖൈമയിൽ മസാഫി മേഖലയിൽ മഴ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഖോർഫക്കാൻ റോഡിലും മുർബാദ്-മസാഫി പാതയിലും കനത്ത മഴയ്ക്കൊപ്പം ചെറിയ തോതിൽ ആലിപ്പഴ വർഷവും അനുഭവപ്പെട്ടു.
റോഡ് സുരക്ഷയും ജാഗ്രതയും
റോഡുകളിൽ വെള്ളക്കെട്ടിന് സാധ്യതയുള്ളതിനാൽ വാഹനയാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിരുന്നു. വാഹനമോടിക്കുമ്പോൾ വേഗത കുറയ്ക്കുകയും മുൻപിലുള്ള വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കുകയും ചെയ്യണമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.
