ബസ് ഡ്രൈവറുടെ സമയോചിത ഇടപെടല്‍; റോഡിലേക്ക് ഓടിയ പിഞ്ചുബാലന് അത്ഭുത രക്ഷ

പാലക്കാട്: രക്ഷിതാവിന്റെ കൈവിട്ട് അപ്രതീക്ഷിതമായി റോഡിലേക്ക് ഓടിയ പിഞ്ചുബാലന് ബസ് ഡ്രൈവറുടെ സമയോചിത ഇടപെടല്‍ രക്ഷയായി. പാലക്കാട് തൃത്താല കൂറ്റനാട് വാവനൂര്‍ സ്‌കൂളിന് സമീപം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടേമുക്കാലോടെയായിരുന്നു സംഭവം. ഗുരുവായൂരില്‍ നിന്നും പട്ടാമ്പി ഭാഗത്തേക്ക് സര്‍വീസ് നടത്തുകയായിരുന്ന ‘ മയില്‍വാഹനം ‘ ബസിന്റെ മുന്നിലേക്ക്, റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളുടെ ഇടയില്‍ നിന്നാണ് കുഞ്ഞ് പെട്ടെന്ന് റോഡ് മുറിച്ച് മറുവശത്തേക്ക് ഓടിയത്.

നിമിഷങ്ങള്‍ക്കുള്ളില്‍ അപകടസാധ്യത തിരിച്ചറിഞ്ഞ ബസ് ഡ്രൈവര്‍ അനൂപ് അതിവേഗം സഡന്‍ ബ്രേക്ക് പ്രയോഗിച്ചതോടെ ബസ് നിര്‍ത്തുകയും കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. അപകടത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. ഡ്രൈവര്‍ അനൂപിന്റെ സമയോചിതമായ ഇടപെടലും മനസാന്നിധ്യവുമാണ് ഒരു പിഞ്ചുജീവന്‍ നഷ്ടപ്പെടാതെ രക്ഷപ്പെടാന്‍ കാരണമായത്. സംഭവത്തില്‍ നാട്ടുകാരും യാത്രക്കാരും ഡ്രൈവറെ അഭിനന്ദിച്ചു.