വെഞ്ഞാറമൂട്ടിൽ ടൂറിസ്റ്റ് വാൻ ബൈക്കിലിടിച്ച് മറിഞ്ഞ് അപകടം. ഏഴുപേർക്ക് പരുക്കേറ്റു.

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ടൂറിസ്റ്റ് വാൻ ബൈക്കിലിടിച്ച് മറിഞ്ഞ് അപകടം. ഏഴുപേർക്ക് പരുക്കേറ്റു. എംസി റോഡിൽ ആലുന്തറ ജംഗ്ഷനിൽ ഇന്നലെ രാത്രി 11.30 നാണ് അപകടം നടന്നത്. നാഗർകോവിലിലെ തക്കല നിന്നും ഗുരുവായൂരിലേയ്ക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് വാനും എതിർ ദിശയിൽ നിന്ന് വന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയും നിയന്ത്രണം നഷ്ടപ്പെട്ട വാൻ റോഡിലേക്ക് മറിയുകയുമായിരുന്നു.

ബൈക്കിൽ സഞ്ചരിച്ചിരുന്ന വെഞ്ഞാറമൂട് സ്വദേശി നന്ദു (26)വിന് ഗുരുതര പരുക്കേറ്റു. വാനിൽ ഡ്രൈവർ ഉൾപ്പെടെ 11 പേരാണ് സഞ്ചരിച്ചിരുന്നത്.ഇതിൽ സ്ത്രീകളും കുട്ടിയുമടക്കം 6 പേർക്ക് പരുക്കേറ്റു. തക്കല സ്വദേശികളായ സൗമ്യ (24), ഗിരിജ (48), മഹാദേവൻ (50), വിജയ(47), ഋതിഷ് (16) ഷൈനി (27) എന്നിവർക്കാണ് പരുക്കേറ്റത്. ഇതിൽ സൗമ്യ, ഗിരിജ എന്നിവർക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.