ശിവധ്യാനത്തിലിരിക്കുന്ന ശ്രീനാരായണഗുരുവിൻ്റെ ചിത്രമെഴുത്ത് നടത്തുന്ന സുരേഷ് കൊളാഷ്
ആറ്റിങ്ങൽ: ശിവലിംഗം മടയിൽ വച്ച് ധ്യാനനിരതനായിരിക്കുന്ന ശ്രീനാരായണ ഗുരു. ഗുരുവിനെക്കുറിച്ചുള്ള സാധാരണ സങ്കല്പങ്ങൾക്കപ്പുറമാണത്. ആറ്റിങ്ങൽ സ്വദേശിയായ സുരേഷ് കൊളാഷാണ് ഗുരുവിനെക്കുറിച്ചുള്ള ഈ അപൂർവ്വ സങ്കല്പം വർണങ്ങളിൽ ആവാഹിച്ചിരിക്കുന്നത്.
ഗുരുവിൻ്റെ പ്രസിദ്ധ കൃതിയായ ശിവശതകത്തെ ആധാരമാക്കിയാണ് ചിത്രരചന നടത്തിയിട്ടുള്ളത്. ഭൗതീകതയും ആധ്യാത്മികതയും തമ്മിൽ ഗുരു മനസ്സിലുണ്ടായ ഏറ്റുമുട്ടൽ വായിച്ചെടുക്കാൻ കഴിയുന്ന കൃതിയാണ് ശിവശതകം. ഏതൊരാളെയും പൂർണമായ വിശുദ്ധിയിലേക്ക് നയിക്കാൻ ഈ കൃതിയുടെ പഠനം സഹായിക്കും. ശിവശതകത്തിൻ്റെ പശ്ചാത്തലത്തിൽ ഗുരുവിൻ്റെ ശിവധ്യാനം എങ്ങനെ ആയിരിക്കുമെന്ന അന്വേഷണമാണ് ഈ ചിത്രം. നദിയിൽ നിന്ന് മുങ്ങിയെടുത്ത ശിലയെ മടിയിൽ വച്ച് ഏറെ നേരം ധ്യാനനിരതനായി ഇരുന്നതിന് ശേഷമാണ് ഗുരു അരുവിപ്പുറത്തെ പ്രതിഷഠ നിർവ്വഹിച്ചതെന്നാണ് ചരിത്രം. കേരളത്തിൻ്റെ നവോത്ഥാനചരിത്രത്തിലെ നാഴികക്കല്ലായ അരുവിപ്പുറം പ്രതിഷഠയും ഈ ചിത്രത്തിൽ ഇഴചേരുന്നുണ്ട്.
അർദ്ധ നഗ്നനായി വെള്ളമുണ്ടുടുത്ത് കൈ വെള്ളയിൽ ശിവലിംഗവും വച്ച് ശാന്തസ്വരൂപനായിരിക്കുന്ന ഗുരുവാണ് ചിത്രത്തിൽ. പിന്നിൽ മഞ്ഞു മൂടിയ മലനിര ഹിമവാനെ അനുസ്മരിപ്പിക്കും. ഹിമവാനെക്കാൾ തലപ്പൊക്കമുണ്ട് ചിത്രത്തിലെ ഗുരുവിന്. ഹിമാലയത്തിൻ്റെ ഏറ്റവും വലിയ പ്രാധാന്യം കൈലാസവാസിയായ പരമേശ്വരനാണ്. ആ ശിവനെ ഉള്ളംകൈയിലെടുത്ത് മടിയിൽ വച്ചിരിക്കുന്ന ഗുരുവിന് ഹിമവാനേക്കാൾ തലപ്പൊക്കം നല്കിയിരിക്കുന്നത് ആസ്വാദകരെയും ഗുരുഭക്തരെയും ഒരുപോലെ ആനന്ദിപ്പിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. വ്യാഖ്യാനങ്ങൾക്കപ്പുറമായ ഗുരുമനസ്സിൻ്റെ വിശാലതയും ശാന്തതയും ചിത്രത്തിലെ നീലാകാശം പകർത്തിവച്ചിട്ടുണ്ട്.
ഇങ്ങനെ ഗുരുവിൻ്റെ ചരിത്ര പ്രാധാന്യവും ആധ്യാത്മിക ഔന്നിത്യവും വിളിച്ചോതുന്ന ചിത്രം ചിത്രകാരനായ സുരേഷ് കൊളാഷ് തിങ്കളാഴ്ച ശിവഗിരി മഠത്തിന് സമർപ്പിക്കും. രാവിലെ 10-ന് ശിവഗിരി തീർത്ഥാടന സമ്മേളന വേദിയിലാണ് ചിത്ര സമർപ്പണം.
