ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ വിഹരിച്ചത് ഉന്നതരുടെ ആശിര്‍വാദത്തോടെ; അന്വേഷണം ‘വന്‍ തോക്കുകളിലേക്ക്’ നീളണം ; ഹൈക്കോടതി

ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ വിഹരിച്ചത് ഉന്നതരുടെ ആശിര്‍വാദത്തോടെ എന്ന് ഹൈക്കോടതി. അന്വേഷണം ഉന്നതരിലേക്ക് നീളണമെന്നും ഹൈകോടതി സിംഗിള്‍ ബെഞ്ച്. സ്വര്‍ണക്കൊള്ള കേസിലെ പ്രതികളായ എസ് ജയശ്രീ, എസ് ശ്രീകുമാര്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യം തള്ളിയ ഉത്തരവിലാണ് കോടതി പരാമര്‍ശം.ജസ്റ്റിസ് ബദറുദ്ദീന്റെ ബെഞ്ചാണ് കേസ് പരിഗച്ചത്. നിലവിലെ അന്വേഷണം ശരിയായ ദിശയിലെന്നും കോടതി നിരീക്ഷിച്ചു. ശബരിമലയിലെ സ്വര്‍ണക്കൊള്ള സംഭവിക്കാന്‍ പാടില്ലാത്തതെന്നും കോടതി വ്യക്തമാക്കി. ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നും ഹൈകോടതി പറഞ്ഞു.

ഇന്നലെയാണ് എസ് ജയശ്രീ, എസ് ശ്രീകുമാര്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയത്. ഇതുമായി ബന്ധപ്പെട്ട ഉത്തരവിലാണ് പരാമര്‍ശം. പരാമര്‍ശിച്ചിട്ടുള്ള ‘ വന്‍ തോക്കുകള്‍’ ആരെന്ന് വ്യക്തമാക്കിയിട്ടില്ല.അതേസമയം, കേസില്‍ പ്രതിയായ ദേവസ്വം മുന്‍ കമ്മീഷണറും പ്രസിഡന്റുമായ എന്‍.വാസുവിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. റിമാന്‍ഡ് നീട്ടുന്നതിനായി പ്രതിയെ കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. നേരത്തെ ഒരു തവണ റിമാന്‍ഡ് നീട്ടിയിരുന്നു. കട്ടിളപ്പാളി കേസില്‍ മൂന്നാം
പ്രതിയായ വാസു സമര്‍പ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ഡിസംബര്‍ മൂന്നിന് തള്ളിയിരുന്നു. 2019ല്‍ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിന്റെ ശിപാര്‍ശയിലാണ് കട്ടിളപ്പാളിയിലെ സ്വര്‍ണ്ണം ചെമ്പെന്ന് രേഖപ്പെടുത്തിയതെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍.