ആട് 3 ഷൂട്ടിങ് അപകടം: നടൻ വിനായകൻ ആശുപത്രി വിട്ടു, രണ്ടുമാസം വിശ്രമം


കൊച്ചി: ആട് 3 സിനിമയുടെ ഷൂട്ടിങിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടൻ വിനായകൻ ആശുപത്രി വിട്ടു. രണ്ടുമാസത്തോളം വിശ്രമം ആവശ്യമായി വരുമെന്ന് ഡോക്ടർമാർ നിർദേശിച്ചു. കഴുത്തിലെ വെയിൻ കട്ടയായിപ്പോയതായും, അത് നേരത്തെ കണ്ടെത്തിയില്ലായിരുന്നെങ്കിൽ പാരാലിസിസ് വരെ സംഭവിക്കാമായിരുന്നുവെന്നും വിനായകൻ പറഞ്ഞു.

ദിവസങ്ങൾക്കുമുമ്പ് തിരുച്ചെന്തൂരിൽ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ജീപ്പ് ഉൾപ്പെടുന്ന സംഘട്ടന രംഗം ഷൂട്ട് ചെയ്യുന്നതിനിടെ താരത്തിന്റെ പേശികൾക്ക് പരിക്കേൽക്കുകയായിരുന്നു.

ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ശനിയാഴ്ച വിനായകൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് നടത്തിയ എംആർഐ സ്കാനിങ്ങിലാണ് പേശികൾക്കും നാഡികൾക്കും (ഞരമ്പുകൾ) ഗുരുതരമായ പരിക്കേറ്റതായി കണ്ടെത്തിയത്.

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത് ജയസൂര്യ വീണ്ടും ഷാജി പാപ്പനായി എത്തുന്ന ചിത്രമാണ് ആട് 3. വലിയ ക്യാൻവാസിൽ ഫിക്ഷൻ മൂഡിൽ ഒരുങ്ങുന്ന ചിത്രമാണിതെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഫ്രൈ ഡേ ഫിലിം ഹൗസും കാവ്യ ഫിലിം ഹൗസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ധർമജൻ ബോൾഗാട്ടി, സൈജു കുറുപ്പ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തും. ചിത്രം അടുത്ത വർഷം മാർച്ചിൽ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ.