332 കോടി! തീർത്ഥാടകരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടും ശബരിമലയിൽ വരുമാനം കുതിച്ചുയരുന്നു


പത്തനംതിട്ട: ശബരിമല മണ്ഡലകാല തീർത്ഥാടനത്തിൽ തീർത്ഥാടകരുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും വരുമാനത്തിൽ റെക്കോർഡ് നേട്ടം. 'ഇത്തവണയും ശബരിമലയിൽ റെക്കോർഡ് വരുമാനം തന്നെയാണ് ലഭിച്ചിരിക്കുന്നത്'. ആകെ വരുമാനം 332.77 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇത് 297.06 കോടി രൂപയായിരുന്നു. അരവണ വിൽപനയിലൂടെയും ലേലത്തിലൂടെയുമാണ് വരുമാനം കൂടിയത്.കാണിക്ക, അപ്പം, അരവണ, മുറിവാടക, കുത്തകലേലം അടക്കമുള്ള വരുമാനമാണിത്. കാണിക്കയായി ലഭിച്ചത് 83,17,61,509 രൂപയാണ്.കഴിഞ്ഞവർഷം 41 ദിവസം പിന്നിട്ടപ്പോൾ 297,06,67,679 രൂപയായിരുന്നു വരുമാനം. ഈ വർഷം 40 ദിവസം പിന്നിട്ടപ്പോൾ 35.70 കോടി രൂപ കൂടുതൽ. കഴിഞ്ഞവർഷം കാണിക്കയായി ലഭിച്ചത് 80,25,74,567 രൂപയാണ്. ശബരിമലയിൽ ശനിയാഴ്ച ഉച്ചവരെ 30,56,871 പേർ ദർശനം നടത്തി. വെളളിയാഴ്ച 37,521 പേരും, മണ്ഡലപൂജ ദിവസമായ ഇന്ന്( ശനിയാഴ്ച) ഉച്ചയ്ക്ക് ഒരുമണിവരെ 17,818 പേരുമാണ് എത്തിയത്. കഴിഞ്ഞസീസണിൽ മണ്ഡലകാലം പൂർത്തിയായപ്പോൾ 32,49,756 പേരാണ് എത്തിയത്.

30 ലക്ഷത്തിലേറെ ഭക്തർക്ക് ദർശനസായൂജ്യമൊരുക്കി ശബരിമല മണ്ഡലകാല തീർഥാടനത്തിനു ഇന്ന് സമാപനം. മണ്ഡലപൂജ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ശനിയാഴ്ച രാവിലെ 10.10നും 11.30 നും ഇടയിലുള്ള മുഹൂർത്തത്തിൽ നടന്നു. രാത്രി 10 മണിക്കു ഹരിവരാസനം പാടി നട അടയ്ക്കും. മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30ന് വൈകിട്ട് അഞ്ചുമണിക്ക് ശബരിമല നട വീണ്ടും തുറക്കും.