വിവാഹവേദികളില്‍ ബന്ധുവായി നടിച്ച് 32 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച മുന്‍ ഗസ്റ്റ് ലക്ചറര്‍ പിടിയില്‍

ബെംഗളൂരു: വിവാഹ ചടങ്ങുകളില്‍ വധുവിന്റെയോ വരന്റെയോ ബന്ധുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് കല്യാണവീടുകളില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും പണവും ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിച്ചിരുന്ന മുന്‍ ഗസ്റ്റ് ലക്ചററെ ബസവനഗുഡി പൊലീസ് അറസ്റ്റ് ചെയ്തു. കെ.ആര്‍. പുരം ഉദയനഗര്‍ സ്വദേശിനിയായ രേവതിയെയാണ് (46) പിടികൂടിയത്. വിവിധ കല്യാണവീടുകളില്‍ നടന്ന മോഷണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.

രേവതിയുടെ പക്കല്‍ നിന്ന് ഏകദേശം 32 ലക്ഷം രൂപ വിലമതിക്കുന്ന 262 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ പൊലീസ് കണ്ടെടുത്തു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോലി ഉപേക്ഷിച്ചതിന് ശേഷമാണ് മോഷണത്തിലേക്ക് തിരിഞ്ഞതെന്നാണ് പൊലീസ് പറയുന്നത്. നവംബര്‍ 23ന് ബസവനഗുഡിയിലെ ഒരു കല്യാണമണ്ഡപത്തില്‍ നടന്ന മോഷണമാണ് കേസിന് തുടക്കം കുറിച്ചത്ബന്ധുവിന്റെ വിവാഹത്തിനെത്തിയ മഞ്ജുനാഥ നഗര്‍ സ്വദേശിനി, 32 ഗ്രാം തൂക്കമുള്ള സ്വര്‍ണമാല മണ്ഡപത്തിലെ ഒരു മുറിയില്‍ ബാഗില്‍ സൂക്ഷിച്ചിരുന്നതായി പരാതിയില്‍ പറഞ്ഞു. മാല നഷ്ടമായതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി രേവതിയാണെന്ന് കണ്ടെത്തിയതെന്നും, സമാന രീതിയില്‍ മറ്റ് കല്യാണവീടുകളിലും മോഷണം നടത്തിയതായി സൂചനകള്‍ ലഭിച്ചതായും പൊലീസ് വ്യക്തമാക്കി.