ദര്‍ശനത്തിനുള്ള സ്ലോട്ടുകള്‍ sabarimalaonline.org വഴി ബുക്ക് ചെയ്യണമെന്ന് ദേവസ്വം വകുപ്പ് അറിയിച്ചു. മണ്ഡല-മകരവിളക്ക് മഹോത്സവത്തിനോടനുബന്ധിച്ച് ഹൈക്കോടതി നിര്‍ദേശിച്ച വെര്‍ച്വല്‍ ക്യൂ സ്പോട്ട് ബുക്കിംഗ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുമെന്ന് സന്നിധാനം എഡിഎം ഡോ. അരുണ്‍ എസ്. നായര്‍ അറിയിച്ചു.
തിരക്ക് നിയന്ത്രണവും സുരക്ഷിത ദര്‍ശനവും ഉറപ്പാക്കാന്‍ ബുക്ക് ചെയ്ത ദിവസത്തോടു ചേര്‍ന്നാണ് ഭക്തര്‍ എത്തേണ്ടതെന്നും അദ്ദേഹം ഉപദേശിച്ചു. ആരോഗ്യപ്രശ്നങ്ങളുള്ളവര്‍, വയോധികര്‍, നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍, കുട്ടികളുമായി വരുന്നവര്‍ എന്നിവര്‍ കാനനപാത ഒഴിവാക്കി നിലയ്ക്കല്‍-പമ്പ റൂട്ടാണ് തിരഞ്ഞെടുക്കേണ്ടത്.
കാനനപാതയില്‍ തിരക്ക് കൂടുന്നതിനാല്‍ അടിയന്തര വൈദ്യസഹായം നല്‍കുന്നതില്‍ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് ഈ നിര്‍ദേശം. വനപാലകര്‍, അഗ്‌നിശമന സേന, എന്‍ഡിആര്‍എഫ് എന്നിവരുടെ സഹായത്തോടെയാണ് നിലവില്‍ പാതയില്‍ അവശരാകുന്നവരെ രക്ഷപ്പെടുത്തി ചികിത്സയ്ക്കായി മാറ്റുന്നത്. നിലവില്‍ ശബരിമലയില്‍ ഭക്തജനത്തിരക്ക് നിയന്ത്രണവിധേയമാണെന്നും ഭക്തര്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ ദര്‍ശന ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുന്നും അവലോകനയോഗം വിലയിരുത്തി