പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഇറിഡിയം വാഗ്ദാനം ചെയ്ത് 25 ലക്ഷം തട്ടിയതായി പരാതി

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഇറിഡിയം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ കൈപറ്റിയതായി പരാതി. മണ്ണന്തല സ്വദേശി വിജേഷ് കുമാറാണ് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇറിഡിയം വാങ്ങുന്നതിനായി 25 ലക്ഷം രൂപ കൈമാറിയെങ്കിലും, പിന്നീട് കൈമാറിയത് വ്യാജ ഇറിഡിയമാണെന്ന് പരാതിയില്‍ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ ഫോര്‍ട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
ഇതിനുമുമ്പ് ഇറിഡിയം തട്ടിപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴയില്‍ കോടികള്‍ തട്ടിയ കേസില്‍ ഡിവൈഎസ്പിയെയും കന്യാസ്ത്രീമാരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോട്ടയം കാഞ്ഞിരപ്പള്ളി കേന്ദ്രീകരിച്ച് തട്ടിപ്പിന് നേതൃത്വം നല്‍കിയ ആന്റണി എന്നയാള്‍ ഇപ്പോഴും ഒളിവിലാണ്. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച മറ്റൊരു ഇറിഡിയം തട്ടിപ്പ് സംഘത്തെയും കഴിഞ്ഞ ആഴ്ച പൊലീസ് പിടികൂടിയിരുന്നു.