ശബരിമയിൽ വൻ ഭക്തജനത്തിരക്ക്: 23 ദിവസത്തിനിടെ ദര്‍ശനം നടത്തിയത് 22 ലക്ഷത്തിലധികം തീര്‍ഥാടകര്‍

ശബരിമയിൽ വൻ ഭക്തജനത്തിരക്ക്. മകരവിളക്ക് മഹോത്സാവത്തിനായി നട തുറന്ന് 23 ദിവസങ്ങൾ പിന്നിടുമ്പോൾ 22 ലക്ഷത്തിലധികം ഭക്തരാണ് ദർശനം നേടി മലയിറങ്ങിയത്. ഇന്നലെ 97,297 ഭക്തരാണ് ശബരിമലയിൽ ദർശനം നടത്തിയത്. ഇന്നും ശബരിമലയില്‍ തിരക്ക് തുടരും.

അതേസമയം, ശബരിമലയിലെ ഉരക്കുഴി വെള്ളച്ചാട്ടത്തിലേക്ക് പോകുന്നത് കഴിവതും ഒഴിവാക്കണമെന്ന് തീർഥാടകരോട് വനംവകുപ്പ് പറഞ്ഞു. പ്രദേശത്ത് വന്യജീവി ആക്രമണം വർധിക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യം വനംവകുപ്പ് ഓര്‍മ്മപ്പെടുത്തിയത്. കാനനപാതയിലൂടെ വരുന്ന തീർഥാടകരിൽ പലരും ഉരക്കുഴി വെള്ളച്ചാട്ടത്തില്‍ മുങ്ങിക്കുളിച്ച ശേഷമാണ് സന്നിധാനത്തേക്കെത്തുന്നത്.

പാണ്ടിത്താവളത്തുനിന്ന്‌ 400 മീറ്റര്‍ താഴെ മാത്രം അകലെയാണ് ഉരക്കുഴി വെള്ളച്ചാട്ടം. വന്യജീവി സംരക്ഷണ നിയമപ്രകാരം പ്രവേശനത്തിന് നിയന്ത്രണമുള്ള പ്രദേശമാണിതെന്ന് റേഞ്ച് ഓഫീസർ പറഞ്ഞു. എല്ലാ ദിവസവും സന്ധ്യാസമയത്ത് ആനകൾ കൂട്ടത്തോടെ ഇവിടേക്ക് ഇറങ്ങാറുണ്ട്. വെള്ളച്ചാട്ടത്തിലേക്കുള്ള വഴി ചരിഞ്ഞതും വഴുക്കലുള്ളതുമാണ്.ആളുകൾ വീണു കഴിഞ്ഞാൽ ഗുരുതരമായി പരിക്കേൽക്കാൻ സാധ്യതയുണ്ടെന്നും തീർഥാടകരുടെ സുരക്ഷയാണ് പ്രധാനമെന്നും നിർദേശം പാലിച്ച് എല്ലാവരും സഹകരിക്കണമെന്നും റേഞ്ച്‌ ഓഫീസർ അരവിന്ദ് ബാലകൃഷ്ണൻ പറഞ്ഞു.