176 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ദക്ഷിണാഫ്രിക്കക്ക് രണ്ടാം പന്തില്‍ തന്നെ അടിതെറ്റി. അര്‍ഷ്ദീപ് സിംഗിന്‍റെ പന്തില്‍ ക്വിന്‍റൻ ഡി കോക്ക് പൂജ്യനായി മടങ്ങി. ഏയ്ഡന്‍ മാര്‍ക്രവും ട്രിസ്റ്റന്‍ സ്റ്റബ്സും ചേര്‍ന്ന് പിടിച്ചു നില്‍ക്കുമെന്ന് കരുതിയെങ്കിലും സ്റ്റബ്സിനെയും അര്‍ഷ്ദീപ് മടക്കി. പിന്നീട് ഡെവാള്‍ഡ് ബ്രെവിസും മാര്‍ക്രവും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ 40 റണ്‍സിലെത്തിച്ചെങ്കിലും മാര്‍ക്രത്തെ വീഴ്ത്തി അക്സര്‍ പട്ടേല്‍ കൂട്ടുകെട്ട് പൊളിച്ചതോടെ ദക്ഷിണാഫ്രിക്ക തകര്‍ന്നടിഞ്ഞു. 14 പന്തില്‍ 22 റണ്‍സെടുത്ത ഡെവാള്‍ഡ് ബ്രെവിസിനെ ബുമ്രയും ഡേവിഡ് മില്ലറെ(1) ഹാർദ്ദിക് പാണ്ഡ്യയും മടക്കിയതോടെ ദക്ഷിണാഫ്രിക്കയുടെ നടുവൊടിഞ്ഞു. വരുണ്‍ ചക്രവര്‍ത്തിയുടെ ഊഴമായിരുന്നു പിന്നീട്. ഡൊണോവന്‍ ഫെരേരയും(5), മാര്‍ക്കോ യാന്‍സനും(12) ചക്രവര്‍ത്തിക്ക് മുന്നില്‍ വീണു. പിന്നീടെല്ലാം പെട്ടെന്നായിരുന്നു. 34 റണ്‍സെടുത്തുന്നതിനിടെയാണ് ദക്ഷിണാഫ്രിക്കക്ക് അവസാന എട്ട് വിക്കറ്റുകള്‍ നഷ്ടമായത്.