ഓസ്‌ട്രേലിയ 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധനം; ഡിസംബര്‍ 10 മുതല്‍ കര്‍ശന നടപടി

കാന്‍ബറ: 16 വയസ്സിന് താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കുന്ന ലോകത്തിലെ ആദ്യത്തെ കര്‍ശന നിയമം ഓസ്‌ട്രേലിയ നടപ്പിലാക്കി. ഡിസംബര്‍ 10 മുതല്‍ നിരോധനം നിലവില്‍ വരുന്നതോടെ ഫേസ്ബുക്ക്, സ്‌നാപ്ചാറ്റ്, യൂട്യൂബ് ഉള്‍പ്പെടെയുള്ള പ്ലാറ്റ്‌ഫോമുകള്‍ 16 വയസ്സിന് താഴെയുള്ള ഉപയോക്താക്കളെ തടയുന്നത് നിര്‍ബന്ധമാകും. നിയമം ലംഘിച്ചാല്‍ 4.95 കോടി ഓസ്‌ട്രേലിയന്‍ ഡോളര്‍ വരെ പിഴ ചുമത്തും. നിരോധനം നിലവില്‍ വന്നതോടെ 16 വയസ്സിന് താഴെയുള്ളവരുടെ നിലവിലുള്ള എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും നിര്‍ജീവമാക്കും. കുട്ടികളുടെ മാനസികാരോഗ്യവും ഓണ്‍ലൈന്‍ സുരക്ഷയും സംരക്ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. 2024 നവംബര്‍ 24ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഓണ്‍ലൈന്‍ സേഫ്റ്റി ഭേദഗതി (സോഷ്യല്‍ മീഡിയ മിനിമം ഏജ്) ബില്‍ ഇരുസഭകളും പാസാക്കിയിരുന്നു. ഡിസംബര്‍ 10ന് ഗവര്‍ണര്‍ ജനറലിന്റെ അംഗീകാരം ലഭിച്ചതോടെയാണ് നിയമം പ്രാബല്യത്തില്‍ വന്നത്. നടപടിയെ ഭൂരിഭാഗം ഓസ്‌ട്രേലിയക്കാരും സ്വാഗതം ചെയ്തിട്ടുണ്ട്. ഓണ്‍ലൈന്‍ ഭീഷണികളില്‍ നിന്നും ദോഷകരമായ ഉള്ളടക്കത്തില്‍ നിന്നുമുള്ള സംരക്ഷണം കുട്ടികള്‍ക്ക് ഉറപ്പാക്കാന്‍ വേണ്ടിയാണ് ഈ നടപടി എന്ന് ഭരണകൂടം വ്യക്തമാക്കി. ലോകതലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന ഈ നീക്കം കൗമാരക്കാരില്‍ സോഷ്യല്‍ മീഡിയ എന്തുവിധ സ്വാധീനം ചെലുത്തുന്നുവെന്ന് വിലയിരുത്താനും ഭാവിയില്‍ കൂടുതല്‍ സുരക്ഷിതമായ ഓണ്‍ലൈന്‍ അന്തരീക്ഷം സൃഷ്ടിക്കാനും സഹായകമാകുമെന്ന് വിദഗ്ധര്‍ പറയുന്നു.