വിജയ് ഹസാരെ ട്രോഫി: ത്രിപുരയെ 145 റണ്‍സിന് തകര്‍ത്തു കേരളത്തിന് ഉജ്ജ്വല തുടക്കം

അഹ്‌മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് ആധികാരികമായ വിജയത്തോടെ തുടക്കം. ആദ്യ മത്സരത്തില്‍ ത്രിപുരയെ 145 റണ്‍സിന് പരാജയപ്പെടുത്തി കേരളം ശക്തമായ മുന്നേറ്റം നടത്തി. 349 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ത്രിപുര 36.5 ഓവറില്‍ 203 റണ്‍സിന് പുറത്തായി.

67 റണ്‍സ് നേടിയ ശ്രിദം പോളാണ് ത്രിപുരയുടെ ടോപ് സ്‌കോറര്‍. തേജസ്വി ജയ്‌സ്വാള്‍ (40), ഉദിയന്‍ ബോസ് (29), രജത് ദേയ് (21) എന്നിവരാണ് രണ്ടക്കം കണ്ട മറ്റ് ബാറ്റര്‍മാര്‍. ഓപണര്‍മാര്‍ ഒന്നാം വിക്കറ്റില്‍ 60 റണ്‍സ് ചേര്‍ത്തെങ്കിലും തുടര്‍ന്ന് കേരള ബൗളര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ത്രിപുരയുടെ ബാറ്റിങ് നിര തകര്‍ത്തു. ആറ് ബാറ്റര്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി.

കേരളത്തിനായി തുടക്കത്തില്‍ അങ്കിത് ശര്‍മ, വിഗ്‌നേഷ് പുത്തൂര്‍, എം.ഡി. നിതീഷ്, കെ.എം. ആസിഫ് എന്നിവര്‍ വിക്കറ്റുകള്‍ നേടി. മധ്യനിരയിലും വാലറ്റത്തിലും ബാബ അപരാജിത് ആധിപത്യം പുലര്‍ത്തി അഞ്ചു വിക്കറ്റ് വീഴ്ത്തി നിര്‍ണായക പങ്കുവഹിച്ചു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 348 റണ്‍സാണ് അടിച്ചുകൂട്ടിയത്. വിഷ്ണു വിനോദിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് (102), ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലിന്റെ മിന്നുന്ന ഇന്നിംഗ്‌സും (94) കേരളത്തിന്റെ സ്‌കോറിന് അടിത്തറയിട്ടത്. ബാബ അപരാജിത് 64 റണ്‍സുമായി പിന്തുണ നല്‍കി. അങ്കിത് ശര്‍മ (28), അഭിഷേക് നായര്‍ (21), അഖില്‍ സ്‌കറിയ (18) എന്നിവരും ടീമിന് വിലപ്പെട്ട സംഭാവന നല്‍കി.

ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍ ഇല്ലാതെയാണ് കേരളം മത്സരത്തിനിറങ്ങിയത്. സ്‌കോര്‍: കേരളം 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 348, ത്രിപുര 36.5 ഓവറില്‍ 203ന് പുറത്ത്.

കേരളത്തിന്റെ അടുത്ത മത്സരം വെള്ളിയാഴ്ച കര്‍ണാടകക്കെതിരെയാണ്.