ക്രിസ്തുമസ് അവധി 12 ദിവസം; വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പുറത്ത്

കൊച്ചി: ഈ വര്‍ഷത്തെ ക്രിസ്മസ് അവധി സാധാരണത്തേക്കാള്‍ ദീര്‍ഘമായിരിക്കും. വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവനുസരിച്ച് ഡിസംബര്‍ 24 മുതല്‍ ജനുവരി 5 വരെ 12 ദിവസത്തേക്ക് സ്‌കൂളുകള്‍ക്ക് അവധിയായിരിക്കും. തദ്ദേശ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ മൂലം ക്രിസ്മസ് പരീക്ഷ തീയതിയില്‍ വന്ന മാറ്റമാണ് അവധി ഉയരാന്‍ കാരണമായത്.

ഡിസംബര്‍ 15ന് ആരംഭിച്ച പരീക്ഷകള്‍ 23ന് തന്നെ അവസാനിക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ദിവസങ്ങള്‍ വീട്ടില്‍ ചെലവഴിക്കാം. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളില്‍ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക അവധിയും ഉണ്ടായിരിക്കുന്നു. ഡിസംബര്‍ 9ന് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകള്‍ക്ക് അവധിയുണ്ടായിരുന്നു


രണ്ടാമത്തെ ഘട്ടം നടക്കുന്ന പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളും പൊതുഅവധി ലഭിക്കും. വോട്ടെണ്ണല്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ഡിസംബര്‍ 13ന് കൂടി അവധി ഉണ്ടായിരിക്കും. വോട്ടിങ് മെഷീനുകള്‍ സൂക്ഷിക്കുന്നതും വിതരണം ചെയ്യുന്നതുമായ സ്‌കൂളുകള്‍ക്ക് കൂടുതല്‍ ദിവസങ്ങള്‍ അവധി ലഭിക്കും. ക്രിസ്മസ്-പുതുവത്സര അവധിക്കാലത്ത് യാത്ര ആഗ്രഹിക്കുന്നവര്‍ക്കായി കെഎസ്ആര്‍ടിസി വിവിധ വിനോദയാത്രകള്‍ സംഘടിപ്പിക്കുന്നു.

കാഞ്ഞങ്ങാട് ബജറ്റ് ടൂറിസം സെല്‍ ഡിസംബര്‍ 23, 27, 31 തീയതികളില്‍ വയനാട് യാത്രകളും ഡിസംബര്‍ 26, ജനുവരി 2 തീയതികളില്‍ പാലക്കയം തട്ട്-പൈതല്‍മല-ഏഴരക്കുണ്ട് യാത്രയും നടത്തും. ഡിസംബര്‍ 27ന് കരിയാത്തുംപാറയിലേക്കും ഡിസംബര്‍ 30ന് കണ്ണൂരിലേക്കും ജനുവരി ഒന്നിന് കടലുണ്ടി-ചാലിയം യാത്രക്കും സൗകര്യമുണ്ട്.

ഡിസംബര്‍ 28 മുതല്‍ 31 വരെ ഗവി, അടവി, കമ്പം, രാമക്കല്‍മേട്, പരുന്തുംപാറ എന്നിവിടങ്ങളിലേക്കുള്ള ദീര്‍ഘയാത്രയും ഒരുക്കിയിട്ടുണ്ട്. ഡിസംബര്‍ 26 മുതല്‍ 29 വരെ വാഗമണ്‍, ഇല്ലിക്കല്‍ക്കല്ല്, ഇലവീഴാപൂഞ്ചിറ യാത്രയും 29 മുതല്‍ 31 വരെ നിലമ്പൂര്‍- കക്കാടംപൊയില്‍ യാത്രയും ലഭ്യമാണ്. യാത്ര സംബന്ധിച്ച് കൂടുതല്‍ അറിയാന്‍ 9446088378, 8606237632 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.