കൊച്ചിയില്‍ നിന്നും ഇന്നലെ രാത്രി പുറപ്പെടേണ്ടതായിരുന്ന ഇന്‍ഡിഗോ വിമാന സര്‍വീസ് 12 മണിക്കൂറിലധികമായി വൈകി. രാത്രി 9.40യ്ക്ക് റാസല്‍ഖൈമയിലേക്ക് പുറപ്പെടാനിരുന്ന വിമാനമാണ് വീണ്ടും വീണ്ടും സമയം മാറ്റിയത്. ആദ്യം ഇന്ന് രാവിലെ 4.15ന് വിമാനമിറങ്ങുമെന്ന് അറിയിച്ചെങ്കിലും തുടര്‍ന്ന് 7.15ലേക്കും പിന്നീട് രാവിലെ 10 മണിക്കുമായി സമയം മാറ്റുകയായിരുന്നു.
ദീര്‍ഘവിലംബം കാരണം സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നിരവധി യാത്രക്കാര്‍ വിമാനത്താവളത്തില്‍ വലയുകയാണ്.
അതേസമയം, യാത്രക്കാരുടെ ദുരിതം തുടര്‍ന്നുകൊണ്ടിരിക്കെയാണ് ഇന്‍ഡിഗോ നാലാം ദിവസവും രാജ്യവ്യാപകമായി സര്‍വീസുകള്‍ റദ്ദാക്കിയത്. കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം ഏകദേശം 300 സര്‍വീസുകളാണ് റദ്ദാക്കപ്പെട്ടത്. പൈലറ്റ് ഡ്യൂട്ടി സമയം ക്രമീകരിക്കുന്നതിലെ പ്രശ്നങ്ങളാണ് സര്‍വീസുകളെ ബാധിക്കുന്നത്. ബംഗളൂരു, മുംബൈ, ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള കൊച്ചി സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന് കമ്പനി അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്‍ഡിഗോയുടെ മാതൃകമ്പനിയായ ഇന്റര്‍ ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡിന്റെ ഓഹരി വില 3.40 ശതമാനം ഇടിഞ്ഞു.