മരണം 1000 കടന്നു, ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച് ഇന്തൊനീഷ്യയും ശ്രീലങ്കയും

ജക്കാർത്ത: ഇന്തോനേഷ്യ, ശ്രീലങ്ക, തായ്‍ലൻഡ്, മലേഷ്യ എന്നിവിടങ്ങളിലുണ്ടായ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 1100 കടന്നു. ഇന്തോനേഷ്യയിൽ 593 പേർ മരിക്കുകയും 470 ഓളം ആളുകളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. വടക്കൻ സുമാത്ര, പടിഞ്ഞാറൻ സുമാത്ര, ആച്ചെ പ്രവിശ്യകളിലാണ് പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത്. മൂന്നുലക്ഷത്തോളം പേരെ ഇവിടെനിന്ന് മാറ്റിപ്പാർപ്പിച്ചു. വടക്കൻ സുമാത്രയിൽ മാത്രം ഇരുനൂറോളം പേരാണ് മരിച്ചത്.

ദിത്വാ ചുഴലിക്കാറ്റിൽ വ്യാപകമായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായതിനെ തുടർന്ന് ശ്രീലങ്കയിൽ കുറഞ്ഞത് 355 പേർ മരിക്കുകയും 370 പേരെ കാണാതാവുകയും ചെയ്തു. തായ്‌ലൻഡിൽ, ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിൽ 176 പേരാണ് മരിച്ചത്. മലേഷ്യയിൽ മൂന്ന് പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തത്.

ശ്രീലങ്കയിലെ കടുവേല നഗരം
ശ്രീലങ്കയിൽ കാണാതായ 370 പേർക്കായി തിരച്ചിൽ തുടരുകയാണ്. ഒന്നരലക്ഷത്തോളം പേരെയാണ് ശ്രീലങ്കയിൽ മാറ്റിപ്പാർപ്പിച്ചത്. ഇന്ത്യയുടെ സഹകരണത്തോടെ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. അതിനിടെ, കൊളംബോയുടെ കിഴക്കൻമേഖലയിലെ കൂടുതൽ സ്ഥലങ്ങളിൽ പ്രളയ മുന്നറിയിപ്പു നൽകി. ഓപ്പറേഷൻ സാഗർ ബന്ധുവിന്റെ ഭാഗമായി ദേശീയ ദുരന്തനിവാരണസേനയുടെ 80 അംഗ സംഘത്തെയാണ് ഇന്ത്യ അയച്ചത്.