ദില്ലി: ആകാശയാത്ര പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇന്‍ഡിഗോ വിമാനക്കമ്പനിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ആദ്യ നടപടിയെടുത്തു. വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ഇന്‍ഡിഗോയുടെ സര്‍വീസുകളില്‍ 10 ശതമാനം വെട്ടിക്കുറവ് പ്രാബല്യത്തില്‍ വന്നു. ഡിസംബര്‍ ആദ്യ വാരം നടത്തിയിരുന്ന 2008 സര്‍വീസുകള്‍ 1879 ആയി കുറച്ചു. ബംഗളൂരുവില്‍ നിന്നുള്ള സര്‍വീസുകളാണ് ഏറ്റവും അധികം വെട്ടിക്കുറച്ചത്. 52 സര്‍വീസുകളാണ് ഇവിടെ നിര്‍ത്തലാക്കിയത്. നിലവില്‍ ദൈര്‍ഘ്യം കുറഞ്ഞ സര്‍വീസുകളെയാണ് പ്രധാനമായും വെട്ടിക്കുറച്ചിരിക്കുന്നത്. ഇതിനിടെ ഇന്‍ഡിഗോയ്‌ക്കെതിരെ കടുത്ത നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുകയാണ്. രാജ്യത്താകെ ലക്ഷക്കണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കിയ സംഭവങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു പ്രഖ്യാപിച്ച പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഇന്‍ഡിഗോയ്‌ക്കെതിരെ ഗുരുതര കണ്ടെത്തലുകളുണ്ടെന്നാണ് സൂചന. ഡിജിസിഎ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സിഇഒ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയും കനത്ത പിഴയും ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നാണ് വിവരം. അന്വേഷണ റിപ്പോര്‍ട്ടിന്മേലുള്ള തുടര്‍ നടപടികള്‍ വൈകില്ലെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു