കവി കെ. ജി. ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛൻ പുരസ്കാരം

തിരുവവന്തപുരം: കവി കെ. ജി. ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛൻ പുരസ്കാരം. സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. എൻ എസ് മാധവൻ ചെയർമാനും, കെ ആർ മീര, ഡോ. കെ എം അനിൽ അംഗങ്ങളും, കേരള സാഹിത്യ അക്കാദമി സെക്രെട്ടറി പ്രൊഫ. സി പി അബൂബക്കർ മെമ്പർ സെക്രട്ടറിയുമായ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. 5 ലക്ഷം രൂപയും ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.


1947ൽ കൊല്ലം ജില്ലയിലെ ചവറയിലാണ് കെജിഎസിന്റെ ജനനം. 1970-കളിൽ ‘ബംഗാൾ’ എന്ന കവിതയിലൂടെയാണ് ശ്രദ്ധേയനായത്. വിവിധ സർക്കാർ കോളേജുകളിൽ മലയാളവിഭാഗം അദ്ധ്യാപകനായി പ്രവർത്തിച്ചു. എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപ്പാൾ ആയിരുന്നു.


ആധുനിക കവിതയുടെ പ്രമുഖ പ്രയോക്താക്കളിൽ ഒരാളായാണ് അദ്ദേഹം അറിയപ്പെടുന്നത്. സമകാലികത എന്ന സങ്കല്പനം കെ ജി എസ് കവിതകളുടെ അപഗ്രഥനത്തിൽ സുപ്രധാനസ്ഥാനം വഹിക്കുന്നു. അദ്ദേഹത്തിന്റെ കവിതകളെല്ലാംതന്നെ ഒരർഥത്തിൽ സമകാലികാനുഭവങ്ങളോടുള്ള നേരിടലുകളാണെന്നു പറയാം.


1998ൽ കേരള സാഹിത്യ അക്കാദമി അവാർഡ് പുരസ്കാരത്തിന് അർഹനായി. “കെ ജി ശങ്കരപ്പിള്ളയുടെ ‍കവിതകൾ”ക്ക് 2002-ലെ കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചു. 2019ൽ കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ചിരുന്നു.