വർക്കല ട്രെയിൻ അതിക്രമം: കേരള എക്സ്പ്രസിൽ ഒരു പൊലീസ് ഉദ്യോ​ഗസ്ഥൻ പോലും ഉണ്ടായിരുന്നില്ല, ക്രൈം പാറ്റേൺ അനുസരിച്ചാണ് പൊലീസിനെ വിന്യസിക്കുന്നതെന്ന് ആ‍ർപിഎഫ്

തിരുവനന്തപുരം: വർക്കല ട്രെയിൻ അതിക്രമവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടി യാത്ര ചെയ്തിരുന്ന കേരള എക്സ്പ്രസിൽ സുരക്ഷയ്ക്കായി ഒരു പൊലീസ് ഉദ്യോ​ഗസ്ഥൻ പോലും ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തൽ. ട്രെയിനിൽ ആർപിഎഫിന്റെയോ കേരള റെയിൽവേ പൊലീസിന്റെയോ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ല. അതേസമയം, ക്രൈം പാറ്റേൺ അനുസരിച്ചാണ് പൊലീസിനെ വിന്യസിക്കുന്നതെന്നാണ് ആർപിഎഫിന്റെ വിശദീകരണം. സാധാരണ കുറ്റകൃത്യങ്ങൾ നടക്കാത്ത ട്രെയിനിൽ പൊലീസുകാരെ വിന്യസിക്കാറില്ലെന്നും ആർപിഎഫ് അറിയിച്ചു.
കേരള എക്സ്പ്രസിൽ ഇന്നലെ സംഭവം നടക്കുമ്പോൾ കേരള റെയിൽവേ പൊലീസിന്റെയോ ആർപിഎഫിന്റെയോ ഉദ്യോ​ഗസ്ഥർ ഉണ്ടായിരുന്നില്ല. സാധാരണയായി ഓരോ ട്രെയിനിലും സുരക്ഷയ്ക്കായി മതിയായ പൊലീസ് ഉദ്യോ​ഗസ്ഥരെ വിന്യസിക്കാറുണ്ട്. എന്നാൽ, അത്രയും സുരക്ഷാ ഉദ്യോ​ഗസ്ഥരെ വിന്യസിക്കാനുള്ള അം​ഗബലം നിലവിൽ ഇല്ലാത്ത സാഹചര്യത്തിൽ ക്രൈം ഡാറ്റ നോക്കിയാണ് ട്രെയിനുകളിൽ പൊലീസുകാരെ സുരക്ഷക്കായിടുന്നത്. ക്രൈം ഡാറ്റ അനുസരിച്ച് ഏറ്റവും കൂടുതൽ ക്രൈമുകൾ റിപ്പോർട്ട് ചെയ്യുന്ന ദീർഘദൂര, ഹ്രസ്വ ദൂര ട്രെയിനുകളിലാണ് പൊലീസുകാരെ വിന്യസിക്കുന്നത് എന്നാണ് ആർപിഎഫ് വിശദീകരണം.