*മൂന്നാറിൽ വിനോദ സഞ്ചാരിയെ ഭീഷണിപ്പെടുത്തിയ സംഭവം; രണ്ട് ടാക്സി ഡ്രൈവര്‍മാര്‍ അറസ്റ്റിൽ*

ഇടുക്കി: മൂന്നാറിൽ മുബൈ സ്വദേശിനിയായ വിനോദ സഞ്ചാരിയെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ടു ടാക്സി ഡ്രൈവര്‍മാര്‍ പിടിയിൽ. മൂന്നാര്‍ സ്വദേശികളായ വിനായകൻ, വിജയകുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. യുവതിയുടെ വീഡിയോയിൽ നിന്ന് ഇവരെ പൊലീസ് തിരിച്ചറിയുകയായിരുന്നു. സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. തടഞ്ഞുവെയ്ക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. ഒക്ടോബർ 30ന് മൂന്നാറിലെത്തിയ മുംബൈ സ്വദേശിനി ജാൻവിക്കാണ് ദുരനുഭവം ഉണ്ടായത്. ഇക്കാര്യം അവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിനു പിന്നാലെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. 

അതേസമയം, മൂന്നാറിൽ വിനോദ സഞ്ചാരിക്ക് ദുരനുഭവമുണ്ടായ സംഭവത്തിൽ രണ്ടു പൊലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു. മൂന്നാർ പൊലീസ് സ്റ്റേഷനിലെ എ എസ് ഐ സാജു പൗലോസ്, ഗ്രേഡ് എസ് ഐ ജോർജ് കുര്യൻ എന്നിവർക്കെതിരെയാണ് നടപടി. കൃത്യവിലോപം കണ്ടെത്തിയതിനെ തുടർന്നാണ് ജില്ലാ പൊലീസ് മേധാവി നടപടിയെടുത്തത്.