തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് മതിയായ സൗകര്യം ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി. വോട്ടര്‍മാര്‍ക്ക് തത്സമയം തിരക്ക് സംബന്ധിച്ച് അറിയിപ്പുകള്‍ ലഭ്യമാകുന്ന വിധത്തില്‍ ആപ്പ് സജ്ജീകരിക്കണമെന്നും നിര്‍ദേശം നല്‍കി. വോട്ടര്‍ പോളിംഗ് ബൂത്തില്‍ എത്തിയിട്ടും നീണ്ട നിര കാരണം വോട്ട് ചെയ്യാതെ മടങ്ങിയാല്‍ അത് ജനാധിപത്യത്തിന്റെ മരണമണിയെന്നും ഹൈക്കോടതി വ്യക്തമാക്കി.
പരമാവധി 1200 പേര്‍ക്കാണ് ഒരു ഗ്രാമപഞ്ചായത്തിലെ ബൂത്തില്‍ വോട്ടുണ്ടാവുക. അത് നഗരസഭയിലേക്ക് വരുമ്പോള്‍ ഏകദേശം 1500 വരെ കാണും. ഇത്രയുമാളുകള്‍ വോട്ട് ചെയ്യുന്നതിനായി ബൂത്തുകളിലേക്ക് വരുമ്പോള്‍ സ്വാഭാവികമായും ഒരു വോട്ടര്‍ക്ക് വളരെ ചുരുങ്ങിയ സമയം മാത്രമേ ലഭിക്കുന്നുള്ളു. ഈ വിഷയം ഉന്നയിച്ച് എന്‍.എം താഹ, പി.വി ബാലചന്ദ്രന്‍ എന്നിവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ബൂത്തുകളുടെ എണ്ണം വര്‍ധിപ്പിച്ചാല്‍ മാത്രമേ തിരക്കുകള്‍ കുറയ്ക്കാനും പ്രക്രിയകള്‍ സുഗമമാക്കാനും കഴിയുകയുള്ളൂവെന്ന് ഇവര്‍ ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു. ഈ ഹരജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിര്‍ദേശം