അവസാനം സംസാരിച്ചത് സഹോദരിയോട്, ജയിലിലാണെന്ന് കുടുംബം കരുതി, മോർച്ചറിയിൽ മൂന്ന് മാസം അവകാശികളില്ലാതെ മൃതദേഹം, ഒടുവിൽ നാട്ടിലേക്ക്

ഷാർജ: യുഎഇയിലെ ഷാർജയിൽ മോർച്ചറിയിൽ അവകാശികളില്ലാതെ മൂന്ന് മാസത്തോളം സൂക്ഷിച്ച മലയാളിയുടെ മൃതദേഹം ഒടുവിൽ നാട്ടിലെത്തിച്ചു. തിരുവനന്തപുരം സ്വദേശിയായ ജിനു രാജ് ദിവാകരൻ (42) എന്നയാളുടെ മൃതദേഹമാണ് നാട്ടിലെത്തിച്ച് സംസ്കരിച്ചത്.
മുമ്പ് ഡ്രൈവിംഗ് ഇൻസ്ട്രക്ടറും ടാക്സി ഡ്രൈവറുമായിരുന്ന ജിനു രാജ് ദിവാകരൻ ജൂലൈ 14-ന് ഷാർജയിലെ റോഡരികിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും അന്ന് തന്നെ മരണം സംഭവിച്ചു. തുടർന്ന് മൂന്ന് മാസത്തിലേറെയായി മൃതദേഹം ഷാർജ പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. മൂന്ന് മാസത്തോളം മോർച്ചറിയിൽ മൃതദേഹം അവകാശികളില്ലാതെ സൂക്ഷിക്കുന്നതായി കുടുംബം അറിഞ്ഞില്ല. ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ ജിനു ഷാർജയിൽ തടവിലാണെന്ന വ്യാജ വാർത്ത നാട്ടിൽ പരന്നു. ജിനു ജയിലിലാണെന്ന് കുടുംബവും കരുതി.

ജിനു ആശുപത്രിയിലാകുന്നതിന് തൊട്ടുമുമ്പാണ് സഹോദരി ജിജി അവസാനമായി ജിനുവിനോട് ഫോണിൽ സംസാരിച്ചത്. സഹോദരി ജിജി നടത്തിയ അന്വേഷണത്തിലും കാര്യമായ വിവരം ലഭിച്ചില്ല. തുടർന്ന്, ഹൈക്കോടതിയിലെ സീനിയർ സ്റ്റാൻഡിങ് കോൺസൽ സിനിൽ മുണ്ടപ്പള്ളിയെ സമീപിച്ചു. എസ്എൻഡിപി യോഗം യുഎഇ സെൻട്രൽ കമ്മിറ്റി വൈസ് ചെയർമാൻ പ്രസാദ് ശ്രീധരനുമായി ബന്ധപ്പെട്ട കുടുംബം അതുവഴി യാബ് ലീഗൽ സർവീസിൽ ജിനുവിന്റെ വിവരങ്ങൾ കൈമാറി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുഎഇ ജയിലുകളിൽ എവിടെയും ജിനു ഇല്ലെന്ന് വ്യക്തമായി. ഒടുവിൽ ഷാർജ പൊലീസ് മോർച്ചറിയിൽ മൃതദേഹം ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഇതിനിടെ അവകാശികളെത്താത്തതിനാൽ മൃതദേഹം ഷാർജയിൽ സംസ്കരിക്കാൻ തീരുമാനിച്ചിരുന്നു. ജിനുവിന്റെ ബന്ധു വിൽസനെ പ്രസാദ് ശ്രീധരൻ കണ്ടെത്തുകയും യാബ് ലീഗൽ സർവീസ് പ്രതിനിധികൾ, എസ്എൻഡിപി യോഗം പ്രവർത്തകർ എന്നിവർ ചേർന്ന് നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. 
ജിനുവിന്റെ അമ്മ നേരത്തെ മരിച്ചതാണ്. അച്ഛനും സഹോദരി ജിജിയും മാത്രമാണുള്ളത്. ആരും അന്വേഷിച്ച് വരാതിരുന്നതോടെ മൃതദേഹം പ്രാദേശികമായി സംസ്കരിക്കാനിരിക്കെയാണ്, സാമൂഹിക പ്രവർത്തകരുടെ അടിയന്തര ഇടപെടലിലൂടെ നാട്ടിലെത്തിച്ചത്. നിയമപ്രകാരം, ഒരു മൃതദേഹം മൂന്ന് മാസത്തിലധികം അജ്ഞാതമായി തുടരുകയാണെങ്കിൽ പ്രാദേശികമായി അടക്കം ചെയ്യേണ്ടതുണ്ട്. ജിനുവിന്‍റെ മൃതദേഹം ഒക്ടോബർ 27 തിങ്കളാഴ്ച അടക്കം ചെയ്യാൻ ഷെഡ്യൂൾ ചെയ്തിരുന്നു. ഇതിനിടെയാണ് നാട്ടിലെത്തിക്കാനായത്. 2019-ലാണ് ജിനു അവസാനമായി നാട്ടിൽ പോയത്.