പുകവലി ചോദ്യം ചെയ്തതാണ് ആക്രമണത്തിന് പിന്നില്‍ എന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രെയിനില്‍ പുകവലിച്ചുകൊണ്ട് പെണ്‍കുട്ടികളുടെ അടുത്തെത്തിയ പ്രതിയെ പെണ്‍കുട്ടികള്‍ മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടതും പരാതിപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കിയതുമാണ് സുരേഷിനെ പ്രകോപിപ്പിച്ചത്.
ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്. തലച്ചോറിനേറ്റ പരിക്ക് വഷളായതിനെ തുടര്‍ന്ന് അവര്‍ മെഡിക്കല്‍ കോളേജിലെ മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ചികിത്സയിലാണ്. ന്യുറോ സര്‍ജറി, ക്രിട്ടിക്കല്‍ കെയര്‍ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് ചികിത്സ.
”പെണ്‍കുട്ടി അപകടനില തരണം ചെയ്തെന്ന് ഇപ്പോള്‍ പറയാനാവില്ല; ചതവുകള്‍ സുഖപ്പെടാന്‍ സമയം എടുക്കും.”ഡോക്ടര്‍മാര്‍ അറിയിച്ചു.
സുരേഷ് കുമാറിനെതിരെ വധശ്രമക്കുറ്റം ചുമത്തിയിട്ടുണ്ട്. മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തതായി പൊലീസ് അറിയിച്ചു. പ്രതിയെ ചോദ്യം ചെയ്യാനായി ഉടന്‍ പോലീസ് കസ്റ്റഡി അപേക്ഷ നല്‍കും.
അതേസമയം, സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ട്രെയിനുകളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് എം.പി കെ.സി. വേണുഗോപാല്‍ മുഖ്യമന്ത്രി പിണറായി വിജയനോടും കേന്ദ്ര റെയില്‍വേ മന്ത്രിയോടും കത്ത് നല്‍കി.