ശബരിമല തിരക്ക്; പൊലീസിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ഹൈക്കോടതി മുന്നറിയിപ്പ്

കൊച്ചി: ശബരിമലയിലെ അനിയന്ത്രിത തിരക്കുമായി ബന്ധപ്പെട്ട് പൊലീസിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ഹൈക്കോടതിയുടെ മുന്നറിയിപ്പ്. ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ വരുന്നതിനാല്‍ സ്ഥലത്ത് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ടെന്നും അങ്ങനെവന്നാല്‍ തടയാന്‍ ആകണമെന്നും കോടതി വ്യക്തമാക്കി. എന്തെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ ക്ഷമിക്കാന്‍ ആകില്ലെന്നും ദേവസ്വം ബെഞ്ച് മുന്നറിയിപ്പ് നല്‍കി.

തിരക്ക് നിയന്ത്രിക്കാന്‍ കര്‍ശന നിര്‍ദേശങ്ങളും കോടതി മുന്നോട്ടുവച്ചു. വെര്‍ച്ചല്‍ ക്യൂ ബുക്കിംഗ് രേഖകള്‍ കൃത്യം അല്ലെങ്കില്‍ തീര്‍ത്ഥാടകരെ പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് കടത്തിവിടരുത്. പാസിലെ സമയം, ദിവസം എന്നിവ കൃത്യമായിരിക്കണം. വ്യാജ പാസുമായി വരുന്നവരെ കടത്തി വിടരുതെന്നും കോടതി നിര്‍ദേശം നല്‍കി.