ഇനി പറക്കും കാറുകളുടെ ലോകം: ചൈന ‘ഷവോപെങ്’ പരീക്ഷണ ഉല്‍പാദനം തുടങ്ങി

ബെയ്ജിങ്: വാഹനലോകത്തെ അടുത്ത തലമുറയായ പറക്കും കാറുകള്‍ രംഗത്തിറക്കാനുള്ള നിര്‍ണായക ചുവടുവെപ്പുമായി ചൈന മുന്നോട്ടു കടന്നു. ചൈന ആസ്ഥാനമായുള്ള ‘ഷവോപെങ്’ കമ്പനി പറക്കും കാറുകളുടെ പരീക്ഷണ ഉല്‍പാദനം ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ടെസ്ലയും മറ്റു യു.എസ് കമ്പനികളും ഇതേ രംഗത്ത് പ്രവേശിക്കാന്‍ തയ്യാറെടുക്കുന്ന സമയത്താണ് ചൈനയുടെ ഈ നീക്കം.

ദക്ഷിണ ചൈനയിലെ ഗ്വാങ്ഷൂവിലെ ഹുവാങ്പു ജില്ലയില്‍ സ്ഥിതിചെയ്യുന്ന പ്ലാന്റിലാണ് ഉല്‍പാദനം ആരംഭിച്ചത്. 1,20,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഈ ഫാക്ടറി, വേര്‍പെടുത്താവുന്ന ഇലക്ട്രിക് വിമാന ഭാഗങ്ങള്‍ ‘ലാന്‍ഡ് എയര്‍ക്രാഫ്റ്റ് കാരിയര്‍’ നിര്‍മ്മിക്കാന്‍ തയ്യാറായിരിക്കുന്നു.


സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം, ഫാക്ടറിയ്ക്ക് വര്‍ഷത്തില്‍ 10,000 വിമാന മൊഡ്യൂളുകള്‍ നിര്‍മ്മിക്കാനുള്ള ശേഷിയുണ്ട്. പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായ ശേഷം, ഓരോ 30 മിനിറ്റിലും ഒരു പറക്കും ഭാഗം വീതം കൂട്ടിച്ചേര്‍ക്കാനാകും.

ഉല്‍പ്പന്നം അവതരിപ്പിച്ചതിനു പിന്നാലെ 5,000 പറക്കും കാറുകള്‍ക്കുള്ള ഓര്‍ഡറുകള്‍ ഇതിനകം ലഭിച്ചതായും, 2026-ല്‍ വന്‍തോതിലുള്ള ഉല്‍പാദനവും വിതരണവും ആരംഭിക്കാനാണ് പദ്ധതി എന്നും ‘ഷവോപെങ്’ അറിയിച്ചു.

‘മദര്‍ഷിപ്പ്’ എന്നറിയപ്പെടുന്ന ആറുചക്രങ്ങളുള്ള ഗ്രൗണ്ട് വാഹനം, കൂടാതെ വേര്‍പെടുത്താവുന്ന ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക്-ഓഫ് ആന്‍ഡ് ലാന്‍ഡിംഗ് വിമാനവും ഇതില്‍ ഉള്‍പ്പെടുന്നു. ഓട്ടോമാറ്റിക്, മാനുവല്‍ എന്നീ രണ്ട് ഫ്‌ലൈറ്റ് മോഡുകളും ഉണ്ടായിരിക്കും. 5.5 മീറ്റര്‍ നീളമുള്ള ഈ കാര്‍ സാധാരണ ലൈസന്‍സോടെ റോഡുകളില്‍ ഓടിക്കാനും പാര്‍ക്ക് ചെയ്യാനും കഴിയും.

അതേസമയം, ടെസ്ലാ സി.ഇ.ഒ ഇലോണ്‍ മസ്‌ക് തന്റെ സ്ഥാപനവും പറക്കും കാര്‍ നിര്‍മാണത്തിലേക്ക് കടന്നുവരുന്നുവെന്ന് വ്യക്തമാക്കി. രണ്ട് മാസത്തിനുള്ളില്‍ വാഹനം അനാച്ഛാദനം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.


മറ്റൊരു യു.എസ് കമ്പനി ആയ ‘അലെഫ് എയറോനോട്ടിക്‌സ്’ അവരുടെ പറക്കും കാര്‍ പരീക്ഷണയോട്ടങ്ങള്‍ അടുത്തിടെ പ്രദര്‍ശിപ്പിച്ചു. വാണിജ്യ ഉത്പാദനം ഉടന്‍ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. ഇതിനകം ഒരു ബില്യണ്‍ ഡോളറിലധികം മുന്‍കൂര്‍ ബുക്കിങ് ലഭിച്ചതായും സി.ഇ.ഒ ജിം ഡുക്കോവ്‌നി വ്യക്തമാക്കി. ഈ കാറുകള്‍ ഡ്രൈവിംഗ് ലൈസന്‍സിനൊപ്പം ലൈറ്റ് പ്ലെയിന്‍ ഫ്‌ലൈയിങ് ലൈസന്‍സും ആവശ്യമായിരിക്കും.