വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു


തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. തെങ്കാശി സ്വദേശിയായ ബാലമുരുകനാണ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. തിങ്കളാഴ്ച രാത്രി 9.45-ഓടെയാണ് സംഭവം. ഇയാള്‍ക്കായി പൊലീസ് തൃശൂര്‍ നഗരത്തില്‍ വ്യാപക പരിശോധന നടത്തുന്നു. കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടുമ്പോള്‍ കറുത്ത ഷര്‍ട്ടും വെളുത്ത മുണ്ടുമായിരുന്നു പ്രതിയുടെ വേഷം. കൊലപാതകം, കവര്‍ച്ച തുടങ്ങി 50ഓളം കേസുകളിലെ പ്രതിയാണ് ബാലമുരുകന്‍.

ഇന്നലെ രാത്രിയാണ് ഇയാള്‍ പൊലീസിന്റെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടത്. പൊലീസ് നടപടികളുടെ ഭാഗമായി തമിഴ്‌നാട്ടിലെ കോടതിയില്‍ ഹാജരാക്കിയ ശേഷം തിരിച്ച് വിയ്യൂരിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് പ്രതി രക്ഷപ്പെട്ടത്. ഭക്ഷണം കഴിക്കാനായി വിലങ്ങ് അഴിച്ചപ്പോള്‍ പൊലീസ് വാനിന്റെ വിന്‍ഡോയിലൂടെ ചാടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം. മാസങ്ങള്‍ക്ക് മുന്‍പും ഇയാള്‍ ജയില്‍ ചാടിയിരുന്നു. പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു.

വര്‍ഷങ്ങളോളം തമിഴ്‌നാട്ടില്‍ ഗുണ്ടാ സംഘത്തലവനായി പ്രവര്‍ത്തിച്ചു. ഇയാള്‍ക്കായി തമിഴ്‌നാട്ടില്‍ പൊലീസ് അന്വേഷണം ശക്തമാക്കിയതോടെയാണ് ബാലമുരുകന്‍ കേരളത്തിലേക്കു കടന്നത്. മറയൂരിലെ മോഷണത്തിനിടെയാണ് പിടിയിലായത്. തനിക്കെതിരെ സാക്ഷി പറഞ്ഞ സ്ത്രീയെ ക്രൂരമായി വകവരുത്തിയ കേസുമുണ്ട്.