ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയതിൽ നടൻ പ്രേംകുമാറിന് അതൃപ്തി. മുൻകൂട്ടി അറിയിക്കാതെയാണ് പ്രേംകുമാറിനെ മാറ്റിയത്. റസൂൽ പൂക്കുട്ടിയെ അക്കാദമി ചെയർമാനായി നിയമിച്ചു. വിവാദങ്ങളെ തുടർന്ന് സംവിധായകൻ രഞ്ജിത് ചെയർമാൻ സ്ഥാനം ഒഴിഞ്ഞ ശേഷം വൈസ് ചെയർമാൻ പ്രേംകുമാറാണ് ചുമതല വഹിച്ചിരുന്നത്.26 അംഗങ്ങളാണ് പുതിയ ഭരണ സമിതിയിൽ ഉൾപ്പെട്ടിരിക്കുന്നത്. ചെയർമാനായി റസൂൽ പൂക്കുട്ടിയെയും കുക്കു പരമേശ്വരനെ വൈസ് ചെയർപേഴ്സണായും നിയമിച്ചു. മൂന്നുവർഷത്തേക്കാണ് അക്കാദമി ഭരണസമിതിയുടെ കാലാവധി. അക്കാദമിയ്ക്ക് ഒരു സ്ഥിരം ചെയർമാൻ വേണമെന്ന ആവശ്യം കൂടി പരിഗണിച്ചാണ് തീരുമാനം.രഞ്ജിത്ത് ചെയർമാൻ ആയിട്ടുള്ള ഭരണസമിതി 2022 ജനുവരിയിലാണ് അധികാരത്തിൽ വരുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്നുണ്ടായ ലൈംഗികാരോപണങ്ങളെ തുടർന്ന് രഞ്ജിത്ത് രാജി വെച്ചൊഴിയുകയായിരുന്നു. അന്ന് വൈസ് ചെയർമാൻ ആയിരുന്ന പ്രേം കുമാറിന് പിന്നീട് ചെയർമാൻറെ താൽക്കാലിക ചുമതല നൽകുകയായിരുന്നു.