ദീത്വാ ചുഴലിക്കാറ്റില്‍ ശ്രീലങ്കയില്‍ കനത്ത നാശം. പ്രദേശത്തെ ശക്തമായ മഴയും മണ്ണെിടിച്ചിലും മൂലം 56 പേര്‍ മരണപ്പെടുകയും 21 പേരെ കാണാതാവുകയും ചെയ്തു. കൂടാതെ നിരവധി വീടുകള്‍ നശിക്കുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. വിവിധ ജില്ലകളിലെ 12,000 ത്തോളം കുടുംബങ്ങളെ ദുരന്തം ബാധിച്ചതായാണ് കണക്ക്.
ദുരന്തബാധിത പ്രദേശങ്ങളില്‍ സര്‍ക്കാറിന്റെയും സൈന്യത്തിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ ശ്രീലങ്കയിലെ വിവിധ ജില്ലകളില്‍ കനത്ത മഴയാണ് രേഖപ്പെടുത്തിയത്. ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചത് പലയിടത്തും രൂക്ഷമായ വെള്ളപ്പൊക്കത്തിനും മണ്ണൊലിപ്പിനും കാരണമായി. പലയിടങ്ങളിലും നെറ്റ്‌വര്‍ക്ക് ബന്ധം നഷ്ടപ്പെട്ടിട്ടുണ്ട്. അതോടൊപ്പം മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാനങ്ങള്‍ വഴിതിരിച്ചു വിടുകയും സ്‌കൂളുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും അടച്ചിടുകയും ചെയ്തു.
ബംഗാള്‍ ഉള്‍ക്കടലിനും ശ്രീലങ്കക്കും ഇടയില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തമായ ചുഴലിക്കാറ്റായി മാറുമെന്നും കനത്ത മഴക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ സംസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കഴിഞ്ഞ ദിവസം കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ചുഴലിക്കാറ്റി?നെ തുടര്‍ന്ന് തമിഴ്‌നാട് -ആന്ധ്ര തീരമേഖലയില്‍ അതി തീവ്രമഴ മുന്നില്‍ കണ്ട് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പുതുച്ചേരിയിലും തമിഴ്‌നാട്ടിലെ ഏഴ് ജില്ലകളിലും എന്‍.ഡി.ആര്‍.എഫ്, എസ്.ഡി.ആര്‍.എഫ് സംഘങ്ങളെ വിന്യസിച്ചു. താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കാനുള്ള നടപടികളും സര്‍ക്കാര്‍ ആരംഭിച്ചു.
അതേസമയം കേരളത്തില്‍ ഒറ്റപ്പെട്ട മഴക്കാണ് സാധ്യത. ചുഴലിക്കാറ്റ് തമിഴ്‌നാട്,പുതുച്ചേരി, ആന്ധ്രപ്രദേശ് എന്നിവടങ്ങളിലേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. തമിഴ്‌നാട്ടില്‍ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ടും ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈയിലെ ജലസംഭരണികളില്‍ നിന്ന് മുന്‍കരുതലിന്റെ ഭാഗമായി വെള്ളം തുറന്നുവിട്ടു. ദുരന്ത നിവാരണ അതോറിറ്റി ആസ്ഥാനത്തെത്തി മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ സാഹചര്യം വിലയിരുത്തി.