തിരുവനന്തപുരത്ത് വെള്ളക്കരം കുറച്ചു നല്‍കാന്‍ വാട്ടര്‍ അതോറിറ്റി ജീവനക്കാരന്‍ 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി സമൂഹമാധ്യമത്തില്‍ ഉപയോക്താവിന്റെ വെളിപ്പെടുത്തല്‍. തിരുവനന്തപുരം സ്വദേശിയായ ഗണേഷ് തമ്പിയാണ് സമൂഹമാധ്യമത്തില്‍ തെളിവുകള്‍ സഹിതം പോസ്റ്റിട്ടത്. ഉപയോഗിച്ച വെള്ളത്തിന്റെ ബില്‍ തുക 15000 രൂപ ആയെന്നും 5000 രൂപ നല്‍കിയാല്‍ മീറ്റര്‍ റീസെറ്റ് ചെയ്തു നല്‍കാമെന്നും റീഡിങ് എടുക്കാനെത്തിയ ഉദ്യോഗസ്ഥന്‍ പറഞ്ഞുവെന്നാണ് ഗണേഷിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗണേഷ് പരാതി നല്‍കി. വിവരം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ച് നടപടി എടുക്കാന്‍ ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.
ഗണേഷ് തമ്പിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
ഇന്നു രാവിലെ വാട്ടര്‍ അതോറിറ്റി ജീവനക്കാരന്‍ മീറ്റര്‍ റീഡിങ് എടുക്കാനായി വീട്ടില്‍ എത്തി. ഭാര്യയുടെ മാതാപിതാക്കള്‍ മാത്രമേ ആ സമയം വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. റീഡിങ് നോക്കിയതിനു ശേഷം മീറ്റര്‍ റീഡിങ് ഇപ്പോള്‍ 512 ആണെന്നും കഴിഞ്ഞ തവണ 347 ആയിരുന്നെന്നും അതു മേയ് മാസത്തെ റീഡിങ്ങ് ആണെന്നും ബില്‍ തുക 15000 ആകുമെന്നും അദ്ദേഹം അറിയിച്ചു. മെഷീനില്‍ ആ ബില്‍ അടിച്ച് കാണിക്കുകയും ചെയ്തു.
അച്ഛന്‍ എന്നെ വിളിച്ച്, റീഡിങ് എടുക്കാന്‍ വന്ന ആളിന് ഫോണ്‍ കൊടുത്തു. കാര്യമായ ലീക്ക് ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. എന്തു ചെയ്യാന്‍ പറ്റും എന്ന് ഞാന്‍ ചോദിച്ചപ്പോള്‍, ഫോണിലൂടെ പറയാന്‍ കഴിയില്ല, നേരിട്ട് കാണാം എന്നും അദ്ദേഹം പറഞ്ഞു. മീറ്റര്‍ റീഡിങ്ങിനെ കുറിച്ചും, ലീക്ക് ഉണ്ടോ എന്ന് ടെസ്റ്റ് ചെയ്യുന്നതിനെക്കുറിച്ചുമൊക്കെ അത്യാവശ്യം ധാരണ ഉള്ളതിനാല്‍, എന്താണ് ഉദ്ദേശ്യം എന്നറിയാന്‍ ഞാന്‍ ഉച്ചയോടെ അദ്ദേഹത്തെ എന്റെ റസിഡന്റ്സ് കോളനിയില്‍ വച്ചു തന്നെ കണ്ടു.
ഒരു 5000 തന്നാല്‍ മീറ്റര്‍ റീസെറ്റ് ചെയ്യാമെന്നും അവസാന രണ്ടു മാസം ഡോര്‍ ലോക്ക് ആയിരുന്നു എന്ന് കാണിച്ച്, മീറ്റര്‍ റീഡിങ് 360 ആയി റീസെറ്റ് ചെയ്താല്‍ കഴിഞ്ഞ രണ്ടു മാസം അടച്ച ബില്ലില്‍ നിന്നും 1200 മൈനസ് ചെയ്ത് കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. 347 മേയ് മാസത്തെ റീഡിങ് ആണ്. 41 കിലോ ലീറ്റര്‍ ജൂണ്‍ ജൂലൈയിലെയും 58 കിലോ ലീറ്റര്‍ ഓഗസ്റ്റ്, സെപ്റ്റംബറിനും ചാര്‍ജ് ചെയ്തിട്ടുണ്ടെന്ന് എനിക്കറിയവുന്നതിനാലും, രണ്ടായിരത്തിൽ താഴെ മാത്രം ബില്‍ വരികയുള്ളൂ എന്നുറപ്പുള്ളതിനാലും ഞാന്‍ അസിസ്റ്റന്റ് എൻജിനീയറെ കാണാന്‍ പോയി.
ഉണ്ടായ കാര്യവും പറഞ്ഞു. അസിസ്റ്റന്റ് എൻജിനീയര്‍ ആദ്യം എന്നെ ലീക്ക് ആണെന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. കാര്യം അറിയാം എന്നു മനസ്സിലായപ്പോള്‍ മിണ്ടാതെ ഇരുന്നു. ഏതായാലും ഈ മീറ്റര്‍ റിവേഴ്സല്‍ കൊണ്ട് ഉണ്ടാവുന്ന റവന്യൂ ലോസ് അന്വേഷിക്കപ്പെടണം എന്ന ആവശ്യം ഉന്നയിച്ച് ഒരു പരാതി നല്‍കിയിട്ടുണ്ട്. എല്ലാവരും ഒന്ന് ശ്രദ്ധിച്ചാല്‍ നന്നായിരിക്കും.