സഞ്ജുവിനെ പുറത്തിരുത്തുമോ? ഗംഭീറിന്റെ പ്ലാന്‍ എന്ത്? ഓസീസിനെതിരായ മൂന്നാം ടി20 ഇന്ന്‌

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടി20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന്. ഓസ്ട്രേലിയയിലെ ഹൊബാര്‍ട്ടില്‍ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.45നാണ് മത്സരം തുടങ്ങുക. മെൽബണിൽ നടന്ന പരമ്പരയിലെ രണ്ടാം മത്സരത്തിൽ‌ ദയനീയപരാജയം വഴങ്ങിയ സൂര്യകുമാറിനും സംഘത്തിനും പരമ്പരയിൽ തിരിച്ചുവരാൻ ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്. രണ്ടാം ടി20യിൽ ഇന്ത്യയെ നാല് വിക്കറ്റിന് പരാജയപ്പെടുത്തിയ ഓസീസ് അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 1-0ത്തിന് മുന്നിലാണ്. കാൻബറയിൽ നടന്ന ആദ്യമത്സരം കനത്ത മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു.

രണ്ടാം മത്സരം കളിച്ച ടീമില്‍ ഇന്ത്യ ഇന്ന് മാറ്റങ്ങൾ‌ വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നാം ടി20യിൽ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ‌ സഞ്ജു സാംസണെ ഏത് ബാറ്റിങ് പൊസിഷനിൽ ഇറക്കും എന്നതാണ് ആരാധകർ ഏറ്റവും കൂടുതൽ ഉറ്റുനോക്കുന്നത്. മെൽബണിൽ മൂന്നാമതായാണ് സഞ്ജു ബാറ്റിങ്ങിനിറങ്ങിയത്. എന്നാൽ റൺസ് ഉയർത്താനാവാതെ മടങ്ങി നിരാശപ്പെടുത്തുകയായിരുന്നു. ഇനി മൂന്നാം ട്വന്റി20യിൽ സഞ്ജുവിനെ അഞ്ചാം സ്ഥാനത്തേക്ക് മാറ്റിയാൽ സഞ്ജുവിനെ ഇങ്ങനെ തട്ടിക്കളിക്കുന്നതിന് എതിരെ വിമർശനം ശക്തമാവും എന്ന് ഉറപ്പാണ്.അതേസമയം രണ്ടാം മത്സരത്തിൽ തിളങ്ങാനാവാതെ പോയ സഞ്ജുവിന് പകരം ജിതേഷ് ശർമയെ വിക്കറ്റ് കീപ്പറായി ഇറക്കുമോ എന്നും കണ്ടറിയണം. ഓപ്പണിങ്ങിൽ വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് സ്കോർ കണ്ടെത്താനാവുമോ എന്നതും പ്രധാനപ്പെട്ട കാര്യമാണ്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ നിരാശപ്പെടുത്തിയ ഗില്ലിന് ട്വന്റി20 പരമ്പരയിലും തിളങ്ങാനായിട്ടില്ല. ഇത് ഇന്ത്യൻ വൈസ് ക്യാപ്റ്റന് മേലുള്ള സമ്മർദ്ദം കൂട്ടുകയാണ്.