മുന്‍നിര തകര്‍ന്നിട്ടും അവസാനം വരെ പൊരുതി ദക്ഷിണാഫ്രിക്ക; അവസാന ചിരി ഇന്ത്യയുടേത്, ജയം 17 റണ്‍സിന്

റാഞ്ചി: ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക പൊരുതി തോറ്റു. റാഞ്ചിയില്‍ 17 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ വിരാട് കോലിയുടെ (120 പന്തില്‍ 135) സെഞ്ചുറി കരുത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സ് നേടി. കെ എല്‍ രാഹുല്‍ (56 പന്തില്‍ 60), രോഹിത് ശര്‍മ (51 പന്തില്‍ 57) എന്നിവരുടെ ഇന്നിംഗ്സുകളും നിര്‍ണായകമായി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മാര്‍കോ യാന്‍സന്‍, നന്ദ്രേ ബര്‍ഗര്‍, ഒട്ട്നീല്‍ ബാര്‍ട്ട്മാന്‍, കോര്‍ബിന്‍ ബോഷ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 49.2 ഓവറില്‍ 332 റണ്‍സിന് എല്ലാവരും പുറത്തായി. മാത്യൂ ബ്രീറ്റ്‌സ്‌കെ (70), മാര്‍കോ ജാന്‍സന്‍ (70), കോര്‍ബിന്‍ ബോഷ് (67) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് പ്രതീക്ഷ നല്‍കിയത്. ഇന്ത്യക്ക് വേണ്ടി കുല്‍ദീപ് യാദവ് നാലും ഹര്‍ഷിത് റാണ മൂന്നും വിക്കറ്റെടുത്തു.
അവസാന ഓവറില്‍ 18 റണ്‍സാണ് ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. പ്രസിദ്ധിന്റെ ആദ്യ പന്തില്‍ ബോഷിന് റണ്‍സെടുക്കാന്‍ സാധിച്ചില്ല. രണ്ടാം പന്തില്‍ പുറത്താവുകയും ചെയ്തതോടെ ഇന്ത്യ 17 റണ്‍സിന് ജയിച്ചു. നേരത്തെ മുന്‍നിരയയുടെ പരാജയമാണ് ദക്ഷിണാഫ്രിക്കയെ പ്രതിരോധത്തിലാക്കിയത്. രണ്ടാം ഓവറില്‍ റ്യാന്‍ റിക്കിള്‍ട്ടണ്‍ (0), ക്വിന്റണ്‍ ഡി കോക്ക് (0) എന്നിവരെ പുറത്താക്കി ഹര്‍ഷിത് റാണ ദക്ഷിണാഫ്രിക്കയെ ബാക്ക് ഫൂട്ടിലാക്കി. എയ്ഡന്‍ മാര്‍ക്രമിനെ (7) അര്‍ഷ്ദീപ് സിംഗും പുറത്താക്കിയതോടെ മൂന്നിന് 11 എന്ന നിലയിലായി ദക്ഷിണാഫ്രിക്ക.

തുടര്‍ന്ന് ടോണി ഡി സോര്‍സി (39) - ബ്രീറ്റ്‌സ്‌കെ സഖ്യം 66 റണ്‍സ് കൂട്ടിചേര്‍ത്തു. സോര്‍സിയെ വിക്കറ്റിന് മുന്നില്‍ കുടുക്കി കുല്‍ദീപ് യാദവാണ് ഇന്ത്യയെ മത്സരത്തിലേക്ക് കൊണ്ടുവന്നത്. പിന്നാലെ ഡിവാള്‍ഡ് േ്രബവിസ് (37), ബ്രീറ്റ്‌സ്‌കെയോടൊപ്പം 53 റണ്‍സും കൂട്ടിചേര്‍ത്തു. എന്നാല്‍ ബ്രേവിസ് റാണയുടെ പന്തില്‍ പുറത്തായി. ഇതോടെ അഞ്ചിന് 130 എന്ന നിലയിലായി ദക്ഷിണാഫ്രിക്ക. ഇന്ത്യ അനായാസം ജയിക്കുമെന്നിരിക്കെ യാന്‍സന്‍ - ബോഷ് സഖ്യം 97 റണ്‍സ് കൂടി കൂട്ടിചേര്‍ത്തു. യാന്‍സന്‍ ആയിരുന്നു ഏറെ അപകടകാരി. 34-ാം ഓവറില്‍ യാന്‍സന്‍ പുറത്തായതാണ് ഇന്ത്യക്ക് നേട്ടമായത്.
39 പന്തില്‍ മൂന്ന് സിക്‌സിന്റേയും എട്ട് ഫോറിന്റേയും അകമ്പടിയോടെ 70 റണ്‍സെടുത്ത യാന്‍സനെ കുല്‍ദീപ് മടക്കുകയായിരുന്നു. തുടര്‍ന്നെത്തിയ പ്രണാളന്‍ സുബ്രായന്‍ (17), നന്ദ്രേ ബര്‍ഗര്‍ (17) എന്നിവര്‍ ബോഷിനൊപ്പം ചേര്‍ന്ന് ശ്രമിച്ച് നോക്കിയെങ്കിലും വിജയത്തിലേക്ക് നയിക്കാനായില്ല. ഒറ്റ്‌നീല്‍ ബാര്‍ട്ട്മാന്‍ (0) പുറത്താവാതെ നിന്നു.

ഇന്ത്യന്‍ ഇന്നിംഗ്‌സ്
അത്ര നല്ല തുടക്കമായിരുന്നില്ല ഇന്ത്യക്ക്. സ്‌കോര്‍ബോര്‍ഡില്‍ 25 റണ്‍സുള്ളപ്പോള്‍ യശസ്വി ജയ്സ്വാളിന്റെ (18) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. നാലാം ഓവരില്‍ നന്ദ്രേ ബര്‍ഗറിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന് ക്യാച്ച് നല്‍കിയാണ് ജയ്സ്വാള്‍ മടങ്ങിയത്. മാത്രമല്ല, രോഹിത് ശര്‍മ നല്‍കിയ അനായാസ ക്യാച്ച് അവസരം ടോണി ഡി സോര്‍സി നിലത്തിടുകയും ചെയ്തു. മൂന്നാം വിക്കറ്റില്‍ രോഹിത് - കോലി സഖ്യം 136 റണ്‍സ് കൂട്ടിചേര്‍ത്തു. 22-ാം ഓവറില്‍ രോഹിത്തിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി മാര്‍കോ യാന്‍സന്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി.

തുടര്‍ന്ന് ക്രീസിലെത്തിയ റുതുരാജ് ഗെയ്കവാദിന് എട്ട് റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. ബാര്‍ട്ട്മാനായിരുന്നു വിക്കറ്റ്. അഞ്ചാമനായി ക്രീസിലെത്തിയ വാഷിംഗ്ടണ്‍ സുന്ദറും (13) നിരാശപ്പെടുത്തിയതോടെ നാലിന് 200 എന്ന നിലയിലായി ഇന്ത്യ. വൈകാതെ കോലി സെഞ്ചുറി പൂര്‍ത്തിയാക്കി. 101 പന്തില്‍ നിന്നായിരുന്നു കോലിയുടെ സെഞ്ചുറി. കോലിയുടെ 52-ാം ഏകദിന സെഞ്ചുറിയാണിത്. പിന്നീട് തകര്‍ത്തടിച്ച കോലി 43-ാം ഓവറില്‍ പുറത്തായി. ഏഴ് സിക്സും 11 ഫോറും ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്സ്. രാഹുലിനൊപ്പം 76 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷമാണ് കോലി മടങ്ങിയത്. ബര്‍ഗറിനായിരുന്നു വിക്കറ്റ്.
തുടര്‍ന്ന് രവിന്ദ്ര ജഡേജ (20 പന്തില്‍ 32) രാഹുല്‍ സഖ്യം 65 റണ്‍സും കൂട്ടിചേര്‍ത്തു. രാഹുല്‍ 49-ാം ഓവറിലും ജഡേജ അവസാന ഓവറിലും മടങ്ങി. ജഡേജയ്ക്ക് ശേഷമെത്തിയ അര്‍ഷ്ദീപ് സിംഗ് (0) ആദ്യ പന്തില്‍ പുറത്തായി. കുല്‍ദീപ് (0), ഹര്‍ഷിദ് റാണ (3) പുറത്താവാതെ നിന്നു. നേരത്തെ റിഷഭ് പന്ത്, തിലക് വര്‍മ എന്നിവരെ പുറത്തിരുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. റുതുരാജ് ഗെയ്കവാദ് നാലാമനായി ക്രീസിലെത്തി. ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ വിക്കറ്റിന് പിന്നില്‍. രോഹിത്, കോലി എന്നിവര്‍ക്കൊപ്പം താരമായ രവീന്ദ്ര ജഡേജയും ടീമിലെത്തി.