ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം വിരാട് കോഹ്ലിയും രോഹിത് ശര്‍മയും ഇന്ത്യൻ കുപ്പായത്തില്‍ കളിക്കാനെത്തുന്നുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ശുഭ്മാൻ ഗിൽ എന്ന യുവനായകന് കീഴിലുള്ള ആദ്യ ഏകദിന പരമ്പരയുമാണിത്. 2015 ഏകദിന ലോകകപ്പിന് ഓസ്ട്രേലിയയില്‍ ഏകദിന പരമ്പര നേടാൻ ഇന്ത്യക്കായിട്ടില്ല. 2015നുശേഷം നടന്ന മൂന്ന് ഏകദിന പരമ്പരകളില്‍ മൂന്നിലും ഇന്ത്യ തോറ്റു.ഓസീസ് മണ്ണിൽ നിരവധി റെക്കോർഡുകളുള്ള വിരാടിന്റെയും കോഹ്‌ലിയും സാന്നിധ്യം തന്നെയാകും ഇന്ത്യൻ ടീമിന്റെ ധൈര്യം. നായകന്‍ പാറ്റ് കമിന്‍സും ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീനും വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസും ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്സ്‌വെല്ലും സ്പിന്നര്‍ ആദം സാംപയുമൊന്നും പരിക്ക് മൂലം കളിക്കുന്നില്ല എന്നത് ഓസീസിന് തിരിച്ചടിയാണ്.
നിതീഷ് കുമാർ റെഡ്‌ഡി ഏകദിന ടീമിൽ അരങ്ങേറ്റം നടത്തുന്നുവെന്നതാണ് ഇലവനിലെ പ്രധാന അപ്‌ഡേറ്റ്. ഗില്‍ - രോഹിത് സഖ്യം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. കോഹ്‌ലി മൂന്നാമനായി ക്രീസിലെത്തും. പിന്നാലെ വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍. അഞ്ചാമനായി കെ എല്‍ രാഹുല്‍. ടീമിന്റെ വിക്കറ്റ് കീപ്പറും രാഹുല്‍ തന്നെ. ആറാമനായി നിതീഷ് കുമാര്‍ റെഡ്ഡി. ബാറ്റുകൊണ്ടും പന്തുകൊണ്ടും സംഭാവന ചെയ്യാന്‍ നിതീഷ് സാധിച്ചേക്കും.സ്പിന്‍ ഓള്‍റൗണ്ടര്‍മാരായി അക്‌സര്‍ പട്ടേലും വാഷിഗ്ടൺ സുന്ദറും ടീമില്‍ ഇടം പിടിച്ചു. മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്, ഹർഷിത് റാണ എന്നിവരാണ് ടീമിലെ പേസര്‍മാര്‍.