ചുവന്ന കളറിലെ നൈറ്റി ധരിച്ച് കട്ടിലിൽ മലർന്ന് കിടക്കുന്ന അവസ്ഥയിലാണ് മൃതദേഹം കിടക്കുന്നത്. യുവതിയുടെ തലയിലും കയ്യിലും മുറിവുകളുണ്ട്. യുവതിയുടെ വസ്ത്രത്തിലും ചുമരിലും തറയിലും കട്ടിലിലും രക്തം പുരണ്ടിരിക്കുന്നുവെന്നും പൊലീസ് പറയുന്നു. മുറിക്കുള്ളിൽ മദ്യക്കുപ്പിയും പൊട്ടി കിടക്കുന്നുണ്ട്. മൂന്ന് മാസങ്ങൾക്ക് മുമ്പാണ് യുവതിയും ജോബിനും തമ്മിൽ പരിചയപ്പെട്ടിരുന്നതെന്നും യുവതി പാചകക്കാരിയായി ജോലി ചെയ്തിരുന്ന ഹോട്ടലിൽ ജോബിൻ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിട്ടുണ്ടെന്നും ആറ്റിങ്ങൽ എസ്എച്ച്ഒ പറഞ്ഞു. പുലർച്ചെ നാല് മണിയോടെ യുവാവ് ലോഡ്ജിന് പുറത്തേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഫോറൻസിക് വിഭാഗവും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. ജോബിനായി തെരച്ചിൽ തുടരുകയാണ് പൊലീസ്.