മഴയുടെ ശക്തി കുറഞ്ഞു; പൊന്മുടിയിൽ വിനോദസഞ്ചാരികൾക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ചു

തിരുവനന്തപുരം: മഴയുടെ ശക്തി കുറഞ്ഞ സാഹചര്യത്തിൽ തിരുവനന്തപുരത്തെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി തുറന്നു. പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള വിനോദ സഞ്ചാരികളുടെ നിരോധനം പിൻവലിച്ചതായി വനം വകുപ്പ് അറിയിച്ചു. വിനോദസഞ്ചാരികൾക്ക് ഇന്ന് രാവിലെ 8 മണി മുതൽ പ്രവേശനം അനുവദിച്ചു.
തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലകളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലായിരുന്നു സഞ്ചാരികളുടെ സുരക്ഷയും അപകട സാധ്യതകളും കണക്കിലെടുത്തായിരുന്ന പൊന്മുടി അടച്ചിടാൻ തീരുമാനിച്ചത്. മഴ ശക്തമായി കഴിഞ്ഞാൽ പൊന്മുടിയിലേയ്ക്ക് പോകുന്ന വഴിയിൽ മണ്ണിടിയാനും ഗതാഗതക്കുരുക്ക് ഉണ്ടാകാനുമുള്ള സാധ്യതയുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് ഒക്ടോബർ 24 മുതൽ ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സഞ്ചാരികൾക്ക് നിരോധനം ഏർപ്പെടുത്തുന്നതായി വനം വകുപ്പ് അധികൃതര്‍ അറിയിച്ചത്.