ADVERTISEMENT
ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലെ അല്‍പശി ആറാട്ടിനും മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലെ പൈങ്കുനി ആറാട്ടിലുമാണ് വിമാനത്താവളം നിശ്ചിത സമയത്തേക്ക് അടച്ചിടുന്നത്. അല്പശി ഉത്സവത്തിന്‍റെ ഭാഗമായി ശ്രീപദ്മനാഭസ്വാമിയെയും ഉപദേവന്‍മാരെയും ശംഖുമുഖം കടലില്‍ ആറാടിച്ച ശേഷം നടത്തിയ ഘോഷയാത്ര തിരികെ ക്ഷേത്രത്തില്‍ എത്തിയതോടെയാണ് പത്തു ദിവസം നീണ്ടു നിന്ന അല്‍പശി ഉത്സവത്തിന് സമാപനമായത്. വൈകിട്ട് നാലരയോടെ മതിലകത്ത് വിഗ്രഹങ്ങള്‍ എഴുന്നള്ളിച്ചു. ശ്രീ പദ്മനാഭ സ്വാമി, നരസിംഹമൂര്‍ത്തി, തിരുവാമ്പാടി ശ്രീകൃഷ്ണന്‍ എന്നീ വിഗ്രഹങ്ങളെ പടിഞ്ഞാറെ നടയിലൂടെ എഴുന്നള്ളിച്ചു. പൊലീസ് ആചാരപരമായ വരവേല്‍പ് നല്‍കി.
ക്ഷേത്ര സ്ഥാനി മൂലം തിരുനാള്‍ രാമവര്‍മ അകമ്പടി സേവിച്ചു. ആറാട്ടുഘോഷയാത്ര കടന്നുപോയ വീഥിക്കിരുവശവും ഭക്തര്‍ തടിച്ചുകൂടി ശ്രീപദ്മനാഭസ്വാമി വണങ്ങി. വള്ളക്കടവില്‍ നിന്നും വൈകിട്ട് നാലേ മുക്കാലോടെ വിമാനത്താവളത്തിന് അകത്തു കൂടിയാണ് ഘോഷയാത്ര കടന്നുപോയത്. ആറാട്ട് ഘോഷയാത്ര കടന്നുപോകുന്നതിനായി വിമാനത്താവളത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ശംഖുംമുഖത്തെ കല്‍മണ്ഡപത്തില്‍ ഇറക്കിവച്ച വാഹനങ്ങളില്‍ നിന്ന് വിഗ്രഹങ്ങള്‍ മണല്‍തിട്ടയിലെ പ്രത്യേകം തയ്യാറാക്കിയ വെള്ളിതാലത്തിലേക്ക് മാറ്റി. തുടര്‍ന്ന് ആറാട്ട് ചടങ്ങുകള്‍ക്ക് ക്ഷേത്രതന്ത്രി മുഖ്യകാര്‍മ്മികത്വം വഹിച്ചു. മൂന്നുതവണ വിഗ്രഹങ്ങള്‍ സമുദ്രത്തില്‍ ആറാടിച്ചു. സമുദ്രതീര്‍ത്ഥാഭിഷേകവും മഞ്ഞള്‍പ്പൊടി കൊണ്ടുള്ള അഭിഷേകവും പൂജയും കഴിഞ്ഞ് പ്രസാദം വിതരണം ചെയ്തു. ആറാട്ടെഴുന്നള്ളത്ത് ക്ഷേത്രത്തില്‍ തിരിച്ചെത്തിയതോടെയാണ് അല്പശി ഉത്സവം സമാപിച്ചത്.
1932ൽ അന്നത്തെ തിരുവിതാംകൂർ രാജാവായിരുന്ന ചിത്തിരതിരുനാളിന്‍റെ നേതൃത്വത്തിലാണ് തിരുവനന്തപുരം വിമാനത്താവളം ശംഖുമുഖത്തിന് സമീപത്തായി രൂപം കൊണ്ടത്. അതിനുമുൻപ് തന്നെ ശ്രീപത്മനാഭന്‍റെ ആറാട്ട് എഴുന്നള്ളത്തിനായി നിശ്ചിത യാത്രാമാർഗമുണ്ടായിരുന്നു. ആ പാതയുണ്ടായിരുന്നയിടത്താണ് പിന്നീട് വിമാനത്താവളത്തിൻ്റെ റൺവേ തയാറാക്കിയത്. ശ്രീപത്മനാഭന്‍റെ ആറാട്ടിന് ഈ പാത തന്നെ ഉണ്ടായിരിക്കണമെന്ന് രാജാവ് ആവശ്യപ്പെട്ടിരുന്നു. അന്നത്തെ കേന്ദ്രസർക്കാരുമായി ഇക്കാര്യത്തിൽ കരാർ ഉണ്ടാക്കുകയും ചെയ്തിരുന്നു. ഇതാണ് ഇന്നും പിന്തുടരുന്നത്.