കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നാളെ പ്രഖ്യാപിക്കും


തിരുവനന്തപുരം: ഏറെ പ്രതീക്ഷയുണര്‍ത്തുന്ന കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നാളെ പ്രഖ്യാപിക്കാനാണ് സാധ്യത. 36 സിനിമകളാണ് ഇക്കുറി അന്തിമ റൗണ്ടിലെത്തിയിരിക്കുന്നത്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നാളെ വാര്‍ത്താ സമ്മേളനം നടത്തി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുമെന്ന് സൂചന. നടന്‍ പ്രകാശ് രാജിന്റെ അധ്യക്ഷനായ ഏഴംഗ ജൂറിയാണ് അന്തിമ പട്ടിക പരിശോധിക്കുന്നത്.

മികച്ച നടനുള്ള വിഭാഗത്തില്‍ കടുത്ത മത്സരം പ്രതീക്ഷിക്കുന്നു. മമ്മൂട്ടി, ആസിഫ് അലി, വിജയരാഘവന്‍, ടൊവിനോ തോമസ്, ഫഹദ് ഫാസില്‍ എന്നിവരാണ് ഫൈനല്‍ റൗണ്ടിലെ പ്രധാന താരങ്ങള്‍. ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ കൊടുമണ്‍ പോറ്റിയായുള്ള മമ്മൂട്ടിയുടെ പ്രകടനം പുരസ്‌കാര സാധ്യത ഉയര്‍ത്തിയിരിക്കുകയാണ്. ‘കിഷ്‌കിന്ധാകാണ്ഡം’ , ‘ലെവല്‍ ക്രോസ്’ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ ആസിഫ് അലി ശക്തമായ മത്സരാര്‍ഥിയാകുമ്പോള്‍, ‘എആര്‍എം’ ചിത്രത്തില്‍ മൂന്ന് വ്യത്യസ്ത വേഷങ്ങളിലൂടെ കൈയടി നേടിയ ടൊവിനോയും മുന്നിലാണ്. ‘ആവേശം’ എന്ന ചിത്രത്തിലെ കഥാപാത്രം ഫഹദ് ഫാസിലിനെയും ഫൈനല്‍ റൗണ്ടിലേക്കെത്തിച്ചു.


മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരത്തിനായി മോഹന്‍ലാലും മത്സരിക്കുന്നുവെന്നതാണ് ഈ വര്‍ഷത്തെ പ്രത്യേകത.


മികച്ച ചിത്രത്തിനുള്ള റേസില്‍ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ , ‘ഫെമിനിച്ചി ഫാത്തിമ’ തുടങ്ങിയ ചിത്രങ്ങളാണ് മുന്നില്‍. ഈ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ കനി കുസൃതി, ദിവ്യപ്രഭ, ഷംല ഹംസ എന്നിവര്‍ മികച്ച നടിയാവാനുള്ള സാധ്യത ഉയര്‍ത്തിയിരിക്കുകയാണ്. അനശ്വര രാജന്‍, ജ്യോതിര്‍മയി, സുരഭി ലക്ഷ്മി എന്നിവരും പട്ടികയിലുണ്ട്.

ജനപ്രിയ ചിത്രങ്ങളുടെ വിഭാഗത്തില്‍ ‘അജയന്റെ രണ്ടാം മോഷണം’, ‘ഗുരുവായൂര്‍ അമ്പലനടയില്‍’, ‘പ്രേമലു’, ‘വര്‍ഷങ്ങള്‍ക്കുശേഷം’, ‘സൂക്ഷ്മദര്‍ശിനി’, ‘മാര്‍ക്കോ’, ‘ഭ്രമയുഗം’, ‘ആവേശം’, ‘കിഷ്‌കിന്ധാകാണ്ഡം’ തുടങ്ങിയവയാണ് അവസാന റൗണ്ടിലെത്തിയിരിക്കുന്നത്