‘ ഉണ്ണികൃഷ്ണന്‍ പോറ്റി ഇടനിലക്കാരന്‍; ശബരിമലയിലെ സ്വര്‍ണ്ണവും ചെമ്പ് പാളിയും മറിച്ചു വിറ്റു’; ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്

ശബരിമലയിലെ സ്വര്‍ണ്ണവും ചെമ്പ് പാളിയും മറിച്ചു വിറ്റുവെന്ന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്. വില്‍പ്പന നടത്തിയത് ബാംഗ്ലൂരിലെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി ഇടനിലക്കാരനെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അല്‍പ്പ സമയം മുന്‍പാണ് ഹൈക്കോടതിയില്‍ ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 20 പേജുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്.
2016 മുതല്‍ നടത്തിയ ഗൂഢാലോചനയുടെ പരിണിത ഫലമാണ് 2019ല്‍ നടന്നത് എന്നത് വ്യക്തമാക്കുന്നുണ്ട്. പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും വ്യക്തമാകുന്നു. സ്വര്‍ണവും ചെമ്പുപാളികളും ബാംഗ്ലൂരില്‍ എത്തിച്ച് വില്‍പ്പന നടത്തിയതിന്റെ നിര്‍ണായക വിവരങ്ങള്‍ ദേവസ്വം വിജിലന്‍സിന് ലഭിച്ചു എന്നുള്ള കാര്യങ്ങളും റിപ്പോര്‍ട്ടില്‍ പറയുന്നു.അന്വേഷണ ഉദ്യോഗസ്ഥന്‍ എസ് ശശിധരനോട് നേരിട്ട് കോടതി നേരിട്ട് വിവരങ്ങള്‍ തേടി. അന്വേഷണ സംഘത്തിന് കോടതി നിര്‍ദേശങ്ങള്‍ നല്‍കി. വിജിലന്‍സ് സെക്യൂരിറ്റി ഓഫിസറോടും ദേവസ്വം ബെഞ്ച് വിവരങ്ങള്‍ നേരിട്ട് തേടി.

വിവാദങ്ങളില്‍ ഇനി ഒരു മറുപടിയും പറയാനില്ലെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു. അന്വേഷണത്തിന്റെ കീഴില്‍ ഇരിക്കുന്ന കാര്യമാണ്. വിജിലന്‍സ് സംഘം ഹൈക്കോടതിയില്‍ എന്ത് റിപ്പോര്‍ട്ട് ആണ് കൊടുത്തിരിക്കുന്നത് എന്ന് എനിക്കറിയില്ല. അറിയാത്ത കാര്യത്തെക്കുറിച്ച് സംസാരിക്കാന്‍ ഇല്ലെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി – പറഞ്ഞു.