ഈ വര്‍ഷത്തെ സമാധാന നൊബേല്‍ വനിതയ്ക്ക്. വെനസ്വേലയിലെ മനുഷ്യാവകാശ പ്രവര്‍ത്തക മരിയ കൊരീന മച്ചാഡോയ്ക്കാണ് പുരസ്കാരം. വെനസ്വേലയുടെ അയണ്‍ ലേഡി എന്നും അറിയപ്പെടുന്നു. ജനാധിപത്യ പോരാട്ടങ്ങള്‍ക്കുള്ള അംഗീകാരമാണ് പുരസ്കാരം. മരിയ കൊരീന മച്ചാഡോ സ്വേച്ഛാധിപത്യത്തില്‍ നിന്ന് ജനാധിപത്യ സംരക്ഷണ പോരാട്ടം സമാധാനപരമായി നടത്തിയതിനാണ് പുരസ്കാരം. അന്‍പത്തിയെട്ടുകാരിയായ മച്ചാഡോ എന്‍ജിനീയറിങ് ബിരുദധാരികൂടിയാണ്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമാധാന നൊബേലിനായി ഏറെ അവകാശവാദം ഉന്നയിച്ചെങ്കിലും നിരാശനായി.
‘വെനിസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവരുടെ അക്ഷീണ പ്രയത്‌നത്തിനും സ്വേച്ഛാധിപത്യത്തില്‍നിന്ന് ജനാധിപത്യത്തിലേക്ക് നീതിയുക്തവും സമാധാനപരവുമായ ഒരു മാറ്റം കൈവരിക്കുന്നതിനുള്ള പോരാട്ടത്തിനുമാണ് അവര്‍ക്ക് സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം നൽകുന്നത്’ -നൊബേല്‍ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.