*ശബരിമല സ്വര്‍ണ കൊള്ള കേസ്; ദേവസ്വം ബോര്‍ഡിനെതിരെ നടപടി വേണമെന്ന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്; ഇഡിയും രംഗത്ത്*

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയിൽ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് പുറത്ത്. സ്വര്‍ണക്കവർച്ചയിലെ ദുരൂഹത വ്യക്തമാക്കുന്ന വിവരങ്ങളാണ് വിജിലന്‍സ് റിപ്പോര്‍ട്ടിലുള്ളത്. ദേവസ്വം ബോർഡിനെ സംശയിച്ചാണ് ദേവസ്വം വിജിലൻസ് റിപ്പോര്‍ട്ട്. 

നിയമവിരുദ്ധമായി ഉദ്യോഗസ്ഥർ ചെയ്തത് ദേവസ്വം ബോർഡ് അധികാരികൾ അറിഞ്ഞില്ലെന്ന് കരുതാൻ കഴിയില്ലെന്നും ഉദ്യോഗസ്ഥ താല്പര്യം മാത്രമെന്ന് കാണാൻ കഴിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ദേവസ്വം ബോര്‍ഡിലെ ഉന്നതരിലേക്ക് സംശയം നീളുന്നതാണ് റിപ്പോര്‍ട്ട്. 2019 ലെ ബോർഡ് അധികാരികളുടെ പ്രേരണയോ സമ്മർദ്ദമോ നിർദ്ദേശമോ ഉണ്ടോയെന്ന് സംശയമുണ്ടെന്നും നിയമവിരുദ്ധമായി ഉണ്ണികൃഷ്ണൻ പോറ്റി പുറത്തു കൊണ്ട് പോയി സ്വർണ്ണം പൂശാൻ ഇടയായത് 2019 ലെ ബോർഡിന്‍റെ വീഴ്ചയാണെന്നും ബോർഡിനെതിരെയും തുടർനടപടി വേണമെന്നും ദേവസ്വം വിജിലൻസ് റിപ്പോർട്ടിലുണ്ട്.

അതേസമയം, ശബരിമലയിലെ സ്വർണാപഹരണം സംബന്ധിച്ച് പ്രത്യേക അന്വേഷണസംഘം രജിസ്റ്റര്‍ ചെയ്ത രണ്ടാം കേസിലെ എഫ്ഐആറിൽ ദേവസ്വം ബോര്‍ഡ് അംഗങ്ങളെയും പ്രതിചേര്‍ത്തു. 2019 ലെ ദേവസ്വം ബോര്‍ഡ് അംഗങ്ങളെയാണ് എട്ടാം പ്രതിയായി ചേർത്തിരിക്കുന്നത്. ആരുടെയും പേര് എഫ്ഐആറിലില്ല. എ പത്‌മകുമാർ പ്രസിഡന്‍റാായ ഭരണസമിതിയാണ് 2019ൽ ചുമതലയിലുണ്ടായിരുന്നത്. 2019ല്‍ ദേവസ്വം അംഗങ്ങളുടെ അറിവോടുകൂടിയാണ് സ്വര്‍ണ പാളികള്‍ ‍ ഇളക്കി എടുത്തെന്നാണ് എഫ്ഐആറിൽ പറയുന്നത്. ബോർഡിന് നഷ്‌ടമുണ്ടാക്കാനായി പ്രതികൾ ഗൂഢാലോചന നടത്തിയെന്നാണ് ദേവസ്വം വിജിലന്‍സിന്‍റെ കണ്ടെത്തൽ. പത്മകുമാർ പ്രസിഡന്‍റായ ബോര്‍ഡിൽ ശങ്കർ ദാസ്, കെ .രാഘവൻ എന്നിവരായിരുന്നു അംഗങ്ങൾ.

ഇതിനിടെ, അന്വേഷണത്തിന്‍റെ ഭാഗമായി ഇഡി പ്രാഥമിക വിവര ശേഖരണം തുടങ്ങി. പ്രത്യേക അന്വേഷണ സംഘം സ്വര്‍ണം കാണാതായ സംഭവത്തിൽ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് ഇഡി നടപടി.