ആന്തരിക രക്തസ്രാവം; ശ്രേയസ് അയ്യര്‍ ഐസിയുവില്‍, പരിക്ക് ഗുരുതരമെന്ന് റിപ്പോര്‍ട്ട്‌

ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിന‌മത്സരത്തിനിടെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കേറ്റ പരിക്ക് ഗുരുതരമെന്ന് റിപ്പോർട്ട്. സിഡ്നിയിൽ‌ ഇന്ത്യയുടെ ഫീൽഡിങ്ങിനിടെ അലക്‌സ്‌ കാരിയെ പുറത്താക്കാൻ പിന്നോട്ട് ഓടി ക്യാച്ചെടുക്കുന്നതിനിടെയാണ് ശ്രേയസിന് പരിക്കേറ്റത്. ഇടത് വാരിയെല്ലിന് പരിക്കേറ്റ ശ്രേയസിനെ സിഡ്‌നിയിലെ ആശുപത്രിയിലുള്ള താരത്തെ ആന്തരിക രക്തസ്രാവത്തെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.മനോഹരമായ ക്യാച്ചിന് ശേഷം ​ഗുരുതരമായി പരിക്കേറ്റ ശ്രേയസിനെ ഡ്രസ്സിങ് റൂമിലേക്ക് എത്തിച്ചതിന് പിന്നാലെ ആശുപത്രിയിലേക്ക് മാറ്റിയതായി ബിസിസിഐ അറിയിച്ചിരുന്നു.ഏകദേശം മൂന്നാഴ്ചയോളം ശ്രേയസ് അയ്യർ കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടിവരുമെന്നാണ് തുടക്കത്തിലെ വിവരം. എന്നാൽ നിലവിലെ സാഹചര്യത്തിൽ പരിക്ക് ഭേദമാകാനുള്ള സമയം ഇനി കൂടുതലായേക്കാമെന്നും ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.