അമിത വേഗം, ഇടതുവശത്തുകൂടി ഓവർടേക്കിങ്; കാറിന്റെ ഗ്ലാസ് താഴ്ത്തി 'തന്റെ ലൈസൻസ് പോയെ'ന്ന് ഡ്രൈവറോട് മന്ത്രി

കാക്കനാട്: അമിത വേഗം, ഇടതുവശത്തുകൂടി ഓവർടേക്കിങ്, ചെറുവാഹനങ്ങളെ വിറപ്പിച്ചു പായൽ... ചൊവ്വാഴ്ച‌ രാവിലെ എട്ടരയോടെ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ കൊച്ചി നഗരത്തിലൂടെ സ്വകാര്യ കാറിൽ സഞ്ചരിച്ചപ്പോൾ ഒരു ബസ് പോയ രീതിയാണിത്. മന്ത്രിയുടെ നിർദേശപ്രകാരം കാറിലുണ്ടായിരുന്നയാൾ ഈ രംഗങ്ങളൊക്കെ ഫോണിൽ പകർത്തി എറണാകുളം ആർടിഒ കെ.ആർ. സുരേഷിന് വാട്‌സാപ്പിൽ അയച്ചു നൽകി. ഉടനടി കങ്ങരപ്പടി സ്വദേശിയായ ബസ് ഡ്രൈവറും ഉടമയുമായ റഹീമിന്റെ ഡ്രൈവിങ് ബോർഡിലേക്ക് ശുപാർശയും ചെയ്തു.ലൈസൻസ് ആർടിഒ സസ്പെൻഡ് ചെയ്‌തു. ബസ് പെർമിറ്റ് സസ്പെൻഡ് ചെയ്യാൻ ആർടിഎബോർഡിലേക്ക് ശുപാർശയും ചെയ്തു

ആലുവ-ഐലൻഡ് റൂട്ടിലോടുന്ന 'റാഹത്ത്' ബസാണ് ഗതാഗത മന്ത്രിയെയും 'വിറപ്പിച്ച'ത്. കൊച്ചി ഷിപ്പ്യാർഡിനു സമീപത്തുനിന്നാണ് സ്വകാര്യ ബസിന്റെ പറപ്പിക്കൽ മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടത്.
എറണാകുളം ഭാഗത്തുനിന്ന് ഫോർട്ട്കൊച്ചിയിലേക്ക് സ്വകാര്യ കാറിൽ യാത്രയിലായിരുന്നു മന്ത്രി. വാഹനത്തിൽ കേരള സ്റ്റേറ്റ് ബോർഡോ പോലീസ് അകമ്പടിയോ ഇല്ലാതെയായിരുന്നു മന്ത്രിയുടെ യാത്ര. ഈ കാറിനുപിന്നാലെയെത്തിയ ബസ് ഇടതുവശത്തു കൂടി ഓവർടേക്ക് ചെയ്തു. ശബ്ദം ഇരപ്പിച്ച് മുന്നിലുള്ള മറ്റ് ചെറുവാഹനങ്ങളെയും മാറ്റിച്ച് അമിതവേഗത്തിൽ പാഞ്ഞു. ഈ ബസിന്റെ പിന്നാലെ മന്ത്രിയുടെ വണ്ടിയും പോയി. ഒന്നര കിലോമീറ്റർ ദൂരം പിന്നിട്ട് ബസ് സ്റ്റോപ്പിൽ ഒതുക്കിയപ്പോൾ കാറിന്റെ ഗ്ലാസ് താഴ്ത്തി ഡ്രൈവറോട് 'തന്റെ ഡ്രൈവിങ് ലൈസൻസ്പോയിട്ടോ'യെന്ന് വിളിച്ചുപറഞ്ഞ് മന്ത്രി പോകുകയായിരുന്നു. ബസ് ഡ്രൈവറെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് ലൈസൻസ് രണ്ടുമാസത്തേക്ക് ആർടിഒ സസ്പെൻഡ് ചെയ്തത്.